മലയാളത്തിലെ ആദ്യ ഒടിടി റിലീസ്; സൂഫിയും സുജാതയും ജൂലായ് മൂന്നിന് ആമസോൺ പ്രൈമിൽ

വിജയ് ബാബു നിർമിച്ച് ജയസൂര്യ നായകനാവുന്ന സൂഫിയും സുജാതയും ജൂലായ് മൂന്നിന് ആമസോൺ പ്രൈമിൽ റിലീസാവും. വിവരം വിജയ് ബാബു തന്നെ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് സിനിമ റിലീസിനു തയ്യാറെടുക്കുന്നത്.
തീയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ ബോളിവുഡിലുൾപ്പെടെ പ്രധാന താരങ്ങളുടെ സിനിമകൾ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്നു. എന്നാൽ മലയാളത്തിൽ ആദ്യമായാണ് ഒരു സിനിമ ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നത്.
Read Also: ‘സൂഫിയും സുജാതയും’ റിലീസ് ഓൺലൈനിൽ തന്നെ; നിലപാടില്‍ ഉറച്ച് വിജയ് ബാബു
മലയാള സിനിമയിലെ ഓൺലൈൻ റിലീസുമായി ബന്ധപെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്ത നിലപാടായിരുന്നു വിവിധ ചലച്ചിത്ര സംഘടനകൾ സ്വീകരിച്ചിരുന്നത്. ഓൺലൈൻ റിലീസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേത്. എന്നാൽ ഒടിടി റിലീസിനെ പൂർണമായി എതിർത്ത തിയറ്റർ ഉടമകളുടെ സംഘടന, വിജയ് ബാബുവിന്റെ നിലപാടിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നൽകിയ കത്തിന് മറുപടി കിട്ടിയ ശേഷം മാത്രം തുടർ ചർച്ചകൾ മതിയെന്ന നിലപാടിലായി. തുടർന്ന് സിനിമാ സംഘടനകളെ ഫിലിം ചേംബർ ചർച്ചയ്ക്ക് വിളിച്ചിരുന്നു.
Read Also: ഓൺലൈൻ റിലീസിന് തയാറെടുത്ത് മലയാള ചിത്രം ‘സൂഫിയും സുജാതയും’
66 നിർമ്മാതാക്കളിൽ നിന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓൺലൈൻ റിലീസിനെക്കുറിച്ചുള്ള അഭിപ്രായം തേടിയത്. ഇവരിൽ 48 പേരാണ് ഇതുവരെ മറുപടി നൽകിയത്. ഭൂരിഭാഗം പേരും താല്പര്യം അറിയിച്ചത് സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യാനാണ്. 2 ലോ ബഡ്ജറ്റ് ചിത്രങ്ങൾ മാത്രമാണ് ഓൺലൈൻ റിലീസിന് താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് മറുപടി നൽകിയത്.
നരണിപ്പുഴ ഷാനവാസാണ് സൂഫിയും സുജാതയും സംവിധാനം ചെയ്തിരിക്കുന്നത്. ജയസൂര്യക്കൊപ്പം അദിതി റാവുവും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Story Highlights: Sufiyum Sujathayum release on july 3rd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here