‘സൂഫിയും സുജാതയും’ റിലീസ് ഓൺലൈനിൽ തന്നെ; നിലപാടില്‍ ഉറച്ച് വിജയ് ബാബു

ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ എന്ന ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി നിർമാതാവ് വിജയ് ബാബു. ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഓൺലൈൻ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അതേസമയം ഓൺലൈൻ റിലീസിനെതിരെ ഫിലിം ചേംബറും തിയറ്റേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.
തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ ബോളിവുഡിലുൾപ്പെടെ പ്രധാന താരങ്ങളുടെ സിനിമകൾ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്നു. എന്നാൽ മലയാളത്തിൽ ആദ്യമായാണ് ഒരു സിനിമ ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നത്. ജയസൂര്യ നായകനായ സൂഫിയും സുജാതയുമെന്ന ചിത്രമാണത്. വിഷയം വിവാദമായെങ്കിലും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് നിർമാതാവ് വിജയ് ബാബു വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിലായതിനാലാണ് ഇങ്ങനൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Read Also: സിനിമകളുടെ ഓൺലൈൻ റിലീസ് തുടങ്ങിയാൽ തിയറ്ററുകാർ പിന്നെ എന്തുചെയ്യും?; സംവിധായക വിധു വിൻസെന്റ്
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുനരാരംഭിച്ചു. അതേസമയം തിയറ്റർ ഉടമകൾക്കും സർക്കാരിനും നഷ്ടമുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം ‘സൂഫിയും സുജാതയും’ സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചുവെന്നും അവരുമായി ചർച്ച നടത്തുമെന്നും ഫിലിം ചേംബർ അറിയിച്ചു. മലയാള സിനിമയിലെ ഓൺലൈൻ റിലീസിംഗിനെതിരെ തിയറ്റേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. തിയറ്ററുകാരെ വഞ്ചിക്കുന്ന നിലപാടാണ് നിർമാതാവ് വിജയ് ബാബു സ്വീകരിച്ചതെന്നും തിയറ്റേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി.
vijay babu, sufiyum sujathayum, amazon prime, online release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here