നടുവണ്ണൂരിൽ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം; കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു

കോഴിക്കോട് നടുവണ്ണൂരിൽ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തിൽ കോഴിക്കോട് സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രി അടച്ചു. മുൻ കരുതലിന്റെ ഭാഗമായി ആശുപത്രി സ്വമേധയ പ്രവർത്തനം നിർത്തി വയ്ക്കുകയായിരുന്നു.
തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ ആശുപത്രിയിൽ വച്ച് മരിച്ചതിനെത്തുടർന്നാണ് ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷൺമുഖന്റെ (50) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തിയതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളു.
അതേസമയം കോഴിക്കോട് ഇന്നലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ ഖത്തറിൽ നിന്നും ഒരാൾ സൗദിയിൽ നിന്നും വന്നവരാണ്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 211 ഉം രോഗമുക്തി നേടിയവർ 103 ഉം ആയി. ചികിത്സക്കിടെ ഒരാൾ മരിച്ചു. ഇപ്പോൾ 107 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇവരിൽ 37 പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 65 പേർ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും രണ്ടുപേർ കണ്ണൂരിലും രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇതുകൂടാതെ രണ്ടു കണ്ണൂർ സ്വദേശികൾ, ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി എന്നിവർ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലുണ്ട്.
Story Highlights- kozhikode private hospital shut down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here