പുത്തുമല പുനരധിവാസം: 56 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്ന ‘ഹര്‍ഷം’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

pinarayi vijayan

കഴിഞ്ഞ വര്‍ഷത്തെ അതിവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ‘ഹര്‍ഷം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.

ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 56 കുടുംബങ്ങള്‍ക്കാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടപ്പടി വില്ലേജില്‍ വീടും മറ്റു സൗകര്യങ്ങളും ഒരുങ്ങുന്നത്. ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമി ലഭിക്കുംവിധമാണ് നിര്‍മാണം. ഒരു വീടിന് 6.5 ലക്ഷം രൂപയാണ് ചെലവ്. നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നുമാസം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സഹായത്തോടൊപ്പം വിവിധ സന്നദ്ധസംഘടനകള്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്‌പോണ്‍സര്‍ഷിപ്പോടെയാണ് വീടുകള്‍ പണിയുന്നത്.

ഈ പദ്ധതിയുമായി സഹകരിക്കാന്‍ ആറ് സന്നദ്ധ സംഘടനകള്‍ തയാറായിട്ടുണ്ട്. മുഴുവന്‍ വീടുകളും നിര്‍മിക്കാനാവശ്യമായ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചുവെന്നതിനാല്‍ നിര്‍മാണത്തില്‍ കാലതാമസുണ്ടാകില്ല. സന്നദ്ധ സംഘടനകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

വീടുകള്‍ക്ക് പുറമെ കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള എല്ലാ സൗകര്യങ്ങളും പദ്ധതിയിലുണ്ടാകും. കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളുമായി മുന്നോട്ടുപോവാനുള്ള സ്ഥലം, കളിസ്ഥലം, അങ്കണവാടി, ആരോഗ്യകേന്ദ്രം കുടിവെളള സംവിധാനം തുടങ്ങി മാതൃകാ ഗ്രാമത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയൊരുക്കും. ഒന്നിച്ചുനടന്നും കൂട്ടായി ജീവിച്ചും ഒരു സമൂഹം രൂപപ്പെടുന്ന രീതിയില്‍ ഒരു മാതൃകാഗ്രാമമാണ് വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടമായ 43 പേര്‍ക്ക് സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മറ്റു പ്രദേശങ്ങളില്‍ താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 56 പേര്‍ക്കാണ് കോട്ടപ്പടിയില്‍ മാതൃകാഗ്രാമം ഒരുങ്ങുന്നത്. റീബില്‍ഡ് കേരളയുടെ ഭാഗമായാണ് റീബില്‍ഡ് പുത്തുമല ആവിഷ്‌കരിച്ചത്. അതിലെ ആദ്യ പദ്ധതിയാണ് ഹര്‍ഷം.

ദുരിതബാധിതരെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയത്. പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഓരോ ഘട്ടത്തിലും ദുരിതബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു.

Story Highlights: Chief Minister inaugurated Harsham project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top