തൃശൂർ ജില്ലയിൽ 10 പേർക്ക് കൂടി കൊവിഡ്

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പൊയ്യ സ്വദേശിനിയായ തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗത്തിലെ ഓഫീസ് ജീവനക്കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ കാവിഡ് നെഗറ്റീവായി.
രോഗം സ്ഥിരീകരിച്ച 134 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 16435 പേരിൽ 16270 പേർ വീടുകളിലും 165 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 24 പേരെയാണ് ഇന്ന് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 8 പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 184 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുളളത്. 1669 പേരെ വ്യാഴാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർക്കുന്നതിനൊടൊപ്പം തന്നെ 854 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
283 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 8386 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 8001 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 385 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 2817 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Story highlight: covid, Thrissur: 10 more people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here