മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുന്നു. സംസ്ഥാനത്ത് പുതുതായി 4,841 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. അതേസമയം, ഡൽഹിയിൽ രോഗികൾ കൊവിഡ് കെയർ കേന്ദ്രങ്ങളിലെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന ഉത്തരവ് ലഫ്റ്റനന്റ് ഗവർണർ പിൻവലിച്ചു.

ആദ്യമായിട്ടാണ് രാജ്യത്ത് ഒരു സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഒരു ദിവസം 4000 കടക്കുന്നത്. 192 പേർ കൂടി മരിച്ചതോടെ 6931 ആണ് സംസ്ഥാനത്തെ മരണസംഖ്യ. 1,47,741 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1350 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 70,878 പേരാണ് മുംബൈയിൽ രോഗബാധിതരായി ഉള്ളത്. അതേസമയം, പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണം മുംബൈയിൽ കുറയുന്നതായി ബിഎംസി അറിയിച്ചു. എന്നാൽ, ഒരാഴ്ചയ്ക്കിടെ രോഗ ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായ മുംബൈയിലെ പി നോർത്ത് വാർഡിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി.

സംസ്ഥാനം കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ്. ജൂൺ 28 മുതൽ സലൂണുകൾ പ്രവർത്തിച്ചുതുടങ്ങും. അതേസമയം മതപരമായ ചടങ്ങുകൾ ഉടൻ അനുവദിക്കില്ല. സംസ്ഥാനത്ത് ആന്റിജൻ പരിശോധന ഉടൻ ആരംഭിക്കും. രോഗവ്യാപനം രൂക്ഷമായ ഡൽഹിയിൽ ഉറവിടം വ്യക്തമല്ലാത്ത കേസുകളുടെ എണ്ണവും കൂടുതലാണ്. കൊവിഡ് പരിശോധനയ്ക്ക് ശേഷമേ നീരീക്ഷണത്തിന്റെ കാര്യത്തിൽ തീരുമാനിക്കാവൂ എന്ന ഉത്തരവ് ലഫ്. ഗവർണർ പിൻവലിച്ചു. ഡൽഹി സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്.

Story highlight: Maharashtra: The number of covid patients rises to 1.5 lakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top