Advertisement

തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും ക്രൂരമായ കസ്റ്റഡി മരണം; പ്രതിഷേധം കനക്കുന്നു

June 27, 2020
Google News 7 minutes Read
thoothukudy custody death

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ കസ്റ്റഡി മരണത്തിൽ പ്രതിഷേധം ശക്തം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധവും വ്യാപിക്കുകയാണ്. തൂത്തുക്കുടി സാത്താങ്കുളത്ത് മൊബൈൽ സർവീസ് കട നടത്തുന്ന ജയരാജ് (58), മകൻ ബെന്നിക്‌സ് (31) എന്നിവരാണ് പൊലീസിൽ നിന്ന് അതിക്രൂരമായ പീഡനമേറ്റ് മരണത്തിന് കീഴടങ്ങിയത്.

ലോക്ക് ഡൗൺ നിയമലംഘനത്തിന് അറസ്റ്റ് ചെയ്തതായിരുന്നു ഇരുവരെയും. കോവിൽപ്പെട്ടി സബ്ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി അച്ഛനും മകനും മരിച്ചു. അമേരിക്കയിലെ ജോർജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗക്കാരന്റെ മരണത്തോടാണ് ഇരുവരുടെയും മരണത്തെ ആളുകൾ ഉപമിക്കുന്നത്. മലദ്വാരത്തിലൂടെ ഇരുമ്പ് കമ്പി കയറ്റിയെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

Read Also: വെട്ടുക്കിളി ആക്രമണം: ഡല്‍ഹി അതീവ ജാഗ്രതയില്‍

പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ മർദനമാണ് അച്ഛനും മകനുമെതിരെയുണ്ടായത്. അതിക്രൂരമായി ഇരുവരും മർദിക്കപ്പെട്ടെന്നും ഒരു സ്ത്രീ എന്ന നിലയിൽ അത് വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ബെന്നിക്‌സിന്റെ സഹോദരി പെർസിസ്. ശരീരത്തിൽ നിന്ന് ചോര ഒലിക്കുന്ന രീതിയിലാണ് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. എന്നാൽ പൊലീസ് ഭീഷണി പേടിച്ച് ഇരുവരും ഒന്നും പുറത്ത് പറഞ്ഞില്ല. ആശുപത്രിയിൽ വച്ച് രക്തസ്രാവം കാരണം നാല് മണിക്കൂറിനിടെ ഇരുവരും ഏഴ് ലുങ്കികൾ മാറ്റി. കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് സഹോദരിയുടെ ആവശ്യം.

സംഭവത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും പ്രതികരിച്ചു. മദ്രാസ് ഹൈക്കോടതി കസ്റ്റഡി മരണത്തിന് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. പൊലീസിന്റെ ജനങ്ങൾക്ക് മേലുള്ള അതിക്രമം കൊവിഡിനേക്കാളും വലിയ പകർച്ചവ്യാധിയാണെന്ന് കോടതി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ വെള്ളിയാഴ്ച കടകളടച്ചിട്ടു.

പൊലീസിന്റെ വിശദീകരണം ആരോഗ്യ പ്രശ്‌നങ്ങളാലാണ് ഇരുവരും മരണപ്പെട്ടതെന്നാണ്. സാത്താങ്കുളം പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തു. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

 

thuthukkudi custody death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here