കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം

കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ ബിജെപി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കൃഷ്ണദാസ് വിഭാഗമാണ് വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ഇന്ന് കൊച്ചിയില്‍ ബിജെപി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നത്.
കൊച്ചിയില്‍ ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ വസതിയിലാണ് കോര്‍ യോഗം ചേര്‍ന്നത്. യോഗമാരംഭിച്ചയുടന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം കൃഷ്ണദാസ് പക്ഷം വി. മുരളീധരനെതിരെ ആക്ഷേപം ഉന്നയിച്ചു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കോണ്‍ഗ്രസ് അനുഭാവി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഡിആര്‍ഡിഒ ക്രമക്കേട് കേസ് പ്രതി മന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകനാണെന്നും ഇവര്‍ ആരോപിച്ചു. വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കണമെന്നും എതിര്‍ ചേരി ആവശ്യപ്പെട്ടു. എന്നാല്‍ കഴമ്പില്ലാത്ത ആരോപണമെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കൂകയാണ് വി. മുരളീധര പക്ഷം ചെയ്തത്. വി. മുരളീധരന്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്.
അതേസമയം, പാര്‍ട്ടിയില്‍ തുടരുന്ന അനൈക്യം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ കോര്‍കമ്മിറ്റിയില്‍ അഭിപ്രായപ്പെട്ടു. നേതാക്കള്‍ തമ്മിലുള്ള ഭിന്നതയും ഗ്രൂപ്പ് പോരും താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ
എന്‍ഡിഎ യോഗം നാളെ കൊച്ചിയില്‍ ചേരുന്നുണ്ട്. നിര്‍ജ്ജീവാവസ്ഥയിലുള്ള മുന്നണി സംവിധാനം ചലിപ്പിക്കുകയെന്നതാണ് യോഗത്തിന്റെ ലക്ഷ്യം.
Story Highlights:Union Minister V Muralitharan criticized by BJP core committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here