യുഎഇയിൽ കൊവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി

യുഎഇയിൽ രാത്രി കാല നിയന്ത്രണങ്ങൾ പിൻവലിച്ചുവെങ്കിലും കൊവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ജയിൽ ശിക്ഷ വരെ നൽകുമെന്നും അധികൃതർ ഓർമിപ്പിച്ചു.

യുഎഇയിൽ രാത്രി കാലത്ത് ഏർപ്പെടുത്തിയിരുന്ന സഞ്ചാര വിലക്ക് പിൻവലിച്ചു എങ്കിലും കൊവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നിയമ ലംഘനം നടത്തിയവരെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. കനത്ത പിഴയും, ജയിൽ ശിക്ഷയും അടക്കം നൽകേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ നൽകും. വീണ്ടും നിയമ ലംഘനം നടത്തുന്നവർക്ക് ആറ് മാസം വരെ തടവാണ് ശിക്ഷ.

പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഒത്തുകൂടൽ സംഘടിപ്പിക്കുകയും മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നവർക്ക് 10,000 ദിർഹം ആണ് പിഴ. ഒത്തുകൂടലിൽ പങ്കെടുക്കുന്നവർക്ക് 5000 രൂപയും പിഴയുണ്ട്. ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേര് മാത്രമേ സഞ്ചരിക്കാവൂ. അല്ലാത്ത പക്ഷം 3000 ദിർഹം ആണ് പിഴ. രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ആണ് ഘട്ടം ഘട്ടമായി ഇളവുകൾ നൽകിയത്. വീണ്ടും കൂടാതിരിക്കാൻ ഓരോരുത്തരും സൂക്ഷിക്കേണ്ടതുണ്ട്. ദേശീയ തലത്തിലുള്ള നിയന്ത്രണങ്ങൾ കൂടാതെ ഓരോ എമിറേറ്റും പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Story highlight: National Disaster Relief Authority to strictly follow covid prevention guidelines in UAE

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top