ലോറിയലും ‘ഫെയർ’, ‘വൈറ്റ്’ പരാമർശങ്ങൾ ഉത്പന്നങ്ങളിൽ നിന്ന് ഒഴിവാക്കുന്നു

സൗന്ദര്യ വർധക ഉത്പന്ന കമ്പനിയായ ലോറിയലും തങ്ങളുടെ ഉത്പന്നങ്ങളിൽ നിന്ന് വംശീയ ചുവയുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നു. രാജ്യാന്തരതലത്തിൽ നടക്കുന്ന ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന പ്രക്ഷോഭത്തെ തുടർന്നാണിത്. നേരത്തെ ഫെയർ ആൻഡ് ലൗലിയും പേരിലെ ‘ഫെയർ’ മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിന്റെ മരണത്തെ തുടർന്നായിരുന്നു ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന പേരിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സമൂഹ മാധ്യമത്തിലും ജനമധ്യത്തിലും ഒരുപോലെ തന്നെ കനത്ത പ്രതിഷേധമാണ് തുടർന്നുകൊണ്ടിരിക്കുന്നത്. അതിനാലാണ് വെളുപ്പ് നല്ലതും കറുപ്പ് മോശവും എന്ന തരത്തിലുള്ള കാഴ്ചപ്പാട് മാറ്റാൻ സൗന്ദര്യ വർധക കമ്പനികൾ നിർബന്ധിതരായിരിക്കുന്നത്. ലോറിയലിന്റെ ഒരു ഉത്പന്നത്തിന്റെ പേര് തന്നെ വൈറ്റ് പെർഫെക്ട് എന്നാണ്. ഫെയർ, വൈറ്റ് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കില്ലെന്നാണ് കമ്പനി തീരുമാനം.
Read Also: ‘എംഎസ് ധോണി’ ടെലിവിഷനിൽ കാണുന്ന സുശാന്ത്; വൈറലായി വീഡിയോ
ഫെയർ ആൻഡ് ലൗലിയുടെ ഫെയർ എന്ന വാക്ക് എടുത്തുമാറ്റുമെന്ന് യൂണിലിവറും പ്രഖ്യാപിച്ചിരുന്നു. യൂണിലിവർ ഈ പ്രഖ്യാപനം നടത്തിയത് വെളുപ്പിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനം ഉയർന്നതോടുകൂടിയാണ്. ഇത് പ്രകാരം ഇനി മുതൽ യൂണിലിവറിന്റെ സ്കിൻ ക്രീമിലെ ‘ഫെയർ’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ല. അതേസമയം, റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുവെന്നും കമ്പനി അറിയിച്ചു.
വെളുത്ത നിറം നൽകുമെന്ന അവകാശ വാദം ഉന്നയിക്കുന്ന ഉത്പന്നങ്ങൾക്കതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേര് മാറ്റാൻ ആലോചിക്കുന്നത്. മാത്രമല്ല, സ്കിൻ വൈറ്റനിംഗ്, സ്കിൻ ലൈറ്റനിംഗ് എന്നീ വാക്കുകൾക്ക് പകരം സ്കിൻ റജുവിനേഷൻ, സ്കിൻ വൈറ്റാലിറ്റി എന്ന വാക്കുകൾ ഉപയോഗിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here