ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് ചേരും. മറ്റൊരു മുന്നണിയിലേക്ക് ഉടനില്ലെന്ന് ജോസ് പക്ഷം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍ക്ക് പ്രകോപനപരമായ മറുപടി പാടില്ലെന്ന നിലപാടിലാണ് നേതൃത്വം.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള മുന്നണി ധാരണ പാലിക്കാത്തതാണ് പൊടുന്നനെയുള്ള പൊട്ടിത്തെറിക്ക് ഇടയാക്കിയത്. ഘടക കക്ഷികളോട് നേതൃത്വം ഈ സാഹചര്യം വിശദീകരിക്കും. ജോസ് പക്ഷത്തോട് മുന്നണിയുടെ തുടര്‍ന്നുള്ള സമീപനം എങ്ങനെ വേണമെന്നും യോഗം ചര്‍ച്ച ചെയ്യും.
നിലവിലെ കലുഷിത സാഹചര്യം കെട്ടടങ്ങുമ്പോള്‍ തുടര്‍ നീക്കങ്ങള്‍ ആലോചിക്കാമെന്നതാണ് യുഡിഎഫ് നിലപാട്. ജോസ് കെ മാണിയുടെ വിമര്‍ശനങ്ങള്‍ക്ക് പ്രകോപനപരമായ മറുപടികള്‍ ഒഴിവാക്കണമെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജയം ഉറപ്പില്ലാതെ അവിശ്വാസം കൊണ്ടു വരുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ല. അവിശ്വാസ നീക്കം യുഡിഎഫിന് കൂടുതല്‍ ക്ഷീണം ഉണ്ടാക്കുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.
അവിശ്വാസ നീക്കത്തിനായി ജോസഫ് പക്ഷം വാശി പിടിക്കില്ലെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ നാളുകള്‍ മാത്രം ശേഷിക്കെ അവിശ്വാസ നീക്കം വേണ്ടെന്ന അഭിപ്രായം ജോസഫ് പക്ഷത്തെ അറിയിച്ചേക്കും. ഇ – മൊബിലിറ്റി പദ്ധതിയിലെ ദുരൂഹതകള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനും തന്ത്രം മെനയും. വൈകിട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം.
Story Highlights: UDF meeting Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here