ഇ – മൊബിലിറ്റി പദ്ധതി: ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നു

ഇ – മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്‍സള്‍ട്ടന്‍സി കരാറില്‍ മുഖ്യമന്ത്രിക്ക് കള്ളക്കളിയാണ്. കരാര്‍ മന്ത്രിസഭ അറിഞ്ഞിട്ടില്ല. പിഡബ്ല്യുസിയെ തെരഞ്ഞെടുത്തതില്‍ മാനദണ്ഡം വ്യക്തമല്ല. കമ്പനിക്കെതിരെ സെബിയുടെ നിരോധനം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ വിജ്ഞാപം പുറത്തിറക്കണം. അതേസമയം, ഇ – മൊബിലിറ്റി പദ്ധതിയോട് എതിര്‍പ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. ട്വന്റിഫോര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഉന്നയിച്ച ആരോപണത്തിലെ ചില ഭാഗങ്ങള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രി ഇപ്പോള്‍ മറുപടി നല്‍കിയിട്ടുള്ളത്. ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. പിഡബ്ല്യുസിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് ഇതുവരെ മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഒരു കണ്‍സള്‍ട്ടന്‍സി കരാര്‍ വയ്ക്കുമ്പോള്‍ അത് ക്യാബിനറ്റ് അറിയണം. അക്കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
പിഡബ്ല്യുസിയെക്കുറിച്ച് നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സെബി ഈ കമ്പനിയെ വിലക്കിയിട്ടുണ്ട്. നിരവധി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ പേര് ഉയര്‍ന്നുവന്നിരുന്നു. അതുകൊണ്ടാണ് സെബി ഈ കമ്പനിയെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയത്. ഇതുവരെ ആ വിലക്ക് നീക്കിയിട്ടില്ല. അങ്ങനെയൊരു കമ്പനിക്ക് കരാര്‍ കൊടുക്കുന്നത് എന്തിനാണ്. ഗതാഗത വകുപ്പ് മന്ത്രി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. ഇത് ശരിയായ നടപടിയല്ല. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടാണ് രേഖകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി അവിടെയും ഇവിടെയുമില്ലാതെ മറുപടി പറയുന്നു. വലിയൊരു കള്ളക്കളിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights: E-Mobility Project ramesh chennithala talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here