Advertisement

തിരികെ എത്താനുള്ള യുഡിഎഫ് നേതൃത്വത്തിൻ്റെ ഉപാധികൾ തള്ളി ജോസ് കെ മാണി വിഭാഗം

July 2, 2020
2 minutes Read
congress jose k mani

തിരികെ എത്താനുള്ള യുഡിഎഫ് നേതൃത്വത്തിൻ്റെ ഉപാധികൾ തള്ളി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. സ്വതന്ത്രമായി തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള നീക്കങ്ങളാണ് ജോസ് പക്ഷത്ത് നടക്കുന്നത്. അണികളുടെ പിന്തുണ ഉറപ്പാക്കാൻ മണ്ഡലം കമ്മിറ്റി യോഗങ്ങളും സമാന്തരമായി ചേരുന്നുണ്ട്.

Read Also: യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് സാങ്കേതിക തിരുത്തൽ മാത്രമെന്ന് ജോസ് കെ മാണി

ഇടതുമുന്നണിയാണ് ലക്ഷ്യമെങ്കിലും ജോസ് പക്ഷം തദ്ദേശ തെരഞ്ഞെടുപ്പ് വരെ സ്വതന്ത്രമായി തുടരും. എൽഡിഎഫുമായി ചർച്ചകൾ ആരംഭിക്കും മുമ്പ് നേതാക്കളും അണികളും ഒപ്പമുണ്ടെന്ന് ഉറപ്പാക്കണം. ഇതിനുള്ള യോഗങ്ങളിലാണ് ജോസ് കെ മാണിയുടെ ശ്രദ്ധ. യുഡിഎഫുമായി പിരിഞ്ഞതിൽ എതിർപ്പുള്ള നേതാക്കൾ ക്യാമ്പ് വിട്ട് പിജെ ജോസഫിനൊപ്പം ചേരുകയാണ്. ഇതിന് തടയിടാൻ തന്ത്രപരമായ സമീപനമാണ് കൈക്കൊള്ളുക. യുഡിഎഫ് ചെയ്തത് നീതിനിഷേധമെന്ന വികാരം നേതാക്കളിലേക്കും പ്രവർത്തകരിലേക്കും എത്തിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് കരുത്തു തെളിയിച്ചാൽ ഇടതുമുന്നണിയോട് അടുക്കുന്നത് എളുപ്പമാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ അവസരം മുതലെടുത്ത് നേതാക്കളെയും പ്രവർത്തകരെയും അടർത്തിയെടുത്ത് ജോസ് കെ മാണിയെ ഒറ്റപ്പെടുത്താനാണ് പിജെ ജോസഫിൻ്റെ പദ്ധതി.

Read Also: ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല : രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസമാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പൊട്ടിത്തെറിയിലേക്ക് എത്തുകയായിരുന്നു. ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കുകയാണെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു.

ചർച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ല. ജോസ് വിഭാഗത്തിന്റേത് ധിക്കാര നടപടിയാണ്. ഇനി ചർച്ചയുടെ ആവശ്യമില്ല. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയിൽ ആവശ്യമില്ലെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു.

Story Highlights: udf, kerala congress, jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top