വൈദ്യുതി അപകടങ്ങൾ കുറയ്ക്കാൻ വൈദ്യുതി സുരക്ഷാവാരം; എന്നിട്ടും പൊലിയുന്നത് നിരവധി ജീവനുകൾ

സംസ്ഥാനത്തിത് വൈദ്യുതി സുരക്ഷാവാരം. അപകടങ്ങൾ കുറയ്ക്കാനായി വൈദ്യുതി വകുപ്പ് വർഷാവർഷം സുരക്ഷാവാരം നടത്തുമ്പോഴും ഓരോ വർഷവും അപകടങ്ങളും അപകട മരണങ്ങളും വർധിക്കുകയാണ്. സുരക്ഷാവാരമായി ആചരിക്കുന്ന ഈ ആഴ്ച തന്നെ വൈദ്യുതി അപകടത്തിൽ മരിച്ചത് മൂന്നു പേരാണ്.
വൈദ്യുതി അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അപകടം കുറയ്ക്കാനുമായി ഈ വർഷം ജൂൺ 26 മുതൽ ജൂലൈ മൂന്നു വരെയാണ് സുരക്ഷാവാരം ആചരിക്കുന്നത്. എന്നാൽ ഓരോ വർഷവും വൈദ്യുതി അപകടങ്ങൾ വർധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. പൂവത്തൂരിൽ ബോർഡ് ജീവനക്കാരനായ രഘുവും അമ്പലവയലിൽ കരാർ ജീവനക്കാരൻ സുരേഷ് ബാബുവും പുനലൂരിൽ ബെൻസണും അപകടത്തിൽ മരിച്ചത് ഈ സുരക്ഷാവാരത്തിൽ തന്നെയാണ്. 2019 ജനുവരി മുതൽ ഡിസംബർ വരെ കേരളത്തിൽ 86 പേരാണ് മരണപ്പെട്ടത്. ഇതിൽ 74 പേർ പൊതുജനങ്ങളും മൂന്ന് ബോർഡ് ജീവനക്കാരും 9 കരാർ ജീവനക്കാരുമാണ്. 2020 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസം 24 പേരാണ് അപകടങ്ങളിൽ മരിച്ചത്. 18 പേർ പൊതുജനങ്ങളാണ്. അഞ്ച് ബോർഡ് ജീവനക്കാരും ഒരു കരാർ ജീവനക്കാരനും മരിച്ചു.
ബോധവൽക്കരണ പ്രവർത്തനങ്ങളെ ജനങ്ങൾ ഗൗരവത്തോടെ കാണുന്നില്ലെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഏറിയ പങ്കും വൈദ്യുതി ലൈനു സമീപം ഇരുമ്പ് തോട്ടി ഉപയോഗച്ചതിലൂടെയാണ്.
ഈ സുരക്ഷാ വാരത്തിലും അപകടം പതിയിരിക്കുന്ന മറ്റൊരു കാഴ്ചയുണ്ട്. ശാസ്തമംഗലത്ത് വൈദ്യുതി ലൈനിന് സമീപം സ്വകാര്യ ഇന്റർനെറ്റ് കമ്പനിയുടെ ഇരുമ്പ് പോസ്റ്റ് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. ഒരു ചെറിയ കാറ്റടിച്ചാൽപ്പോലും ലൈൻ പോസ്റ്റിൽ ഉരസും. ദിവസവും കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്.
Story Highlights- electricity accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here