Advertisement

സര്‍ക്കാരിന്റെ ഇ – സഞ്ജീവനിയിലൂടെ കൊവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി എങ്ങനെ ഡോക്ടറുടെ സേവനം തേടാം [24 Explainer]

July 3, 2020
Google News 2 minutes Read
e sanjeevani

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന ടെലി മെഡിസിന്‍ പദ്ധതിയാണ് ഇ – സഞ്ജീവനി. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ജനറല്‍ ഒപി സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒപിയും ഇപ്പോള്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് ജനറല്‍ ഒപിയുടെ പ്രവര്‍ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍സിഡി ഒപി. സാധാരണ രോഗങ്ങള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്‍ ക്ലേശതയനുഭവിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓണ്‍ലൈന്‍ ചികിത്സാ പ്ലാറ്റ്‌ഫോമാണിത്. ഈ കൊവിഡ് കാലത്ത് ആശുപത്രികളില്‍ പോയി തിരക്ക് കൂട്ടാതെ വീട്ടില്‍ വച്ച് തന്നെ വളരെ ലളിതമായ ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

വീട്ടിലിരുന്ന് എങ്ങനെ ഡോക്ടറെ കാണാം?

കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉള്ളയാര്‍ക്കും വളരെ ലളിതമായി ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ നമ്പര്‍ ഉപയോഗിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ചികിത്സ തേടാവുന്നതാണ്.

1. ആദ്യമായി https://esanjeevaniopd.in/kerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2. സൈറ്റിന്റെ മുകള്‍വശത്തായി കാണുന്ന പേഷ്യന്റ് രജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക

3. പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തിനകത്ത് മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്യുക

4. മൊബൈലില്‍ വരുന്ന ഒടിപി ടൈപ്പ് ചെയ്യുക

5. ഇനി വരുന്ന പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തില്‍ പേരും വയസും മറ്റ് വിവരങ്ങളും നല്‍കിയ ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക

6. ഇത് കഴിഞ്ഞ് ലോഗിന്‍ ആകാന്‍ സമയമാകുമ്പോള്‍ മൊബൈലില്‍ മെസേജ് വരും. അപ്പോള്‍ മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയൂ

7. മൊബൈലില്‍ വരുന്ന പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുമ്പോള്‍ ക്യൂവിലാകും

8. ഉടന്‍ തന്നെ ഡോക്ടര്‍ വീഡിയോ കോള്‍ വഴി വിളിക്കും

9. കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ ശേഷം മരുന്നിന്റെ കുറുപ്പടി അവിടെ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാം.

പരിശീലനം സിദ്ധിച്ച വിദഗ്ധരായ ഡോക്ടര്‍മാരാണ് ഇ – സഞ്ജീവനി വഴി ഓണ്‍ലൈന്‍ സേവനം നല്‍കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ്, മലബാര്‍ കാന്‍സര്‍ സെന്റര്‍, ആര്‍സിസി തിരുവനന്തപുരം, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം തുടങ്ങിയ ആതുരശുശ്രൂഷ രംഗത്തെ മികവുറ്റ സ്ഥാപനങ്ങള്‍ ടെലി മെഡിസിനായി കൈകോര്‍ക്കുകയാണ്. ദിവസവും 30 ഓളം ഡോക്ടര്‍മാരാണ് വിവിധ ഷിഫ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്നത്.

തികച്ചും സര്‍ക്കാര്‍ സംരഭമായ ഇ – സഞ്ജീവനിയില്‍ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കും. ഈ പദ്ധതി പ്രകാരം ഡോക്ടറെ കാണാന്‍ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ദിശ 1056 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Story Highlights: kerala Government e-Sanjeevani project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here