‘കയ്യേറ്റങ്ങളുടെ കാലം അവസാനിച്ചു’;ചൈനയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

കയ്യേറ്റങ്ങളുടെ കാലം കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. സൈനികരുടെ ജീവത്യാഗം സമാനതകളില്ലാത്തതാണെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ ചൈനയ്ക്ക് മോദി താക്കീതും നൽകി. ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരുടെ പരാജയം ചരിത്രം കണ്ടിട്ടുണ്ട്. ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്ന സാമ്രാജ്യങ്ങൾ വിജയിച്ച ചരിത്രമില്ലെന്ന് മോദി പറഞ്ഞു.
ഗാൽവനിൽ വീരമൃത്യൂ വരിച്ച ജവാന്മാർക്ക് മോദി ആദരമർപ്പിച്ചു. 130 കോടി ജനങ്ങളുടെ അഭിമനത്തിന്റെ പ്രതീകമാണ് ഗാൽവനെന്നും മോദി പറഞ്ഞു. രാജ്യ സുരക്ഷ സൈനികരുടെ കരങ്ങളിൽ ഭദ്രമാണ്. വെല്ലുവിളികൾക്കിടയിലും വിട്ടുവീഴ്ചയില്ലാതെ സൈന്യം രാജ്യത്തെ സംരക്ഷിച്ചു. അതിർത്തി സംരക്ഷിക്കാൻ ഇന്ത്യ സജ്ജമാണെന്നും, സൈനികരുടെ ധൈര്യം മലനിരകളേക്കാൾ ഉയരത്തിലാണെന്നും മോദി സൈന്യത്തെ പ്രകീർത്തിച്ചുകൊണ്ട് പറഞ്ഞു.
വളരെ അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്നലെ വരെ പ്രതിരോധ മന്ത്രിയാവും സന്ദർശനം നടത്തുക എന്നതായിരുന്നു വിവരം. അതിനു വേണ്ട ഒരുക്കങ്ങൾ അവിടെ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിരോധമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചു എന്നും വാർത്തകൾ വന്നിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം സന്ദർശനം മാറ്റിവച്ചത് എന്നതിനെപ്പറ്റി അഭ്യൂഹങ്ങളും പരന്നു. പ്രധാനമന്ത്രി അവിടേക്ക് പോകുന്നു എന്ന തരത്തിൽ യാതൊരു വാർത്തയും വന്നിരുന്നില്ല. തുടർന്നാണ് ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായി അദ്ദേഹം സന്ദർശനം നടത്തുകയായിരുന്നു. സന്ദർശനം പൂർത്തിയാക്കി ഇന്ന് തന്നെ അദ്ദേഹം ഡൽഹിക്ക് മടങ്ങുമെന്നാണ് വിവരം.
Story Highlights- modi speech against china ladakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here