ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ; ട്രംപിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു, ദേശീയ താല്പര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ

ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ. ട്രംപിന്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടു. അതിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഇന്ത്യ പ്രതികരിച്ചു.
ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു.
മാസങ്ങളായി ഇന്ത്യയും യുഎസും ന്യായവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ നടത്തുകയാണ്. കാരറിനായി ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. ട്രംപിൻ്റെ പ്രഖ്യാപനത്തിൻ്റെ പ്രത്യാഘാതം പഠിക്കുകയാണെന്നും ഇരുപക്ഷത്തിനും ഗുണകരമായ കരാറിനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രം വിശദീകരിച്ചു.
ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും ചർച്ച നടത്തി. ട്രംപിന്‍റെ പ്രഖ്യാപനം മന്ത്രിമാർ വിലയിരുത്തി. തുടർ നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധവും എണ്ണയും വാങ്ങുന്നതിനാൽ തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. ഇന്ത്യ സുഹൃത്താണെങ്കിലും അവർ ലോകത്തെ ഏറ്റവും ഉയർന്ന തീരുവകളാണ് ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു.
Story Highlights : india reply on trump warning of additional tariff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here