Advertisement

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഇടപെടുമെന്ന് അമിത് ഷായുടെ ഉറപ്പ്

20 hours ago
3 minutes Read
amith shaa

മതപരിവർത്തന ആരോപണത്തിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുഡിഎഫ് എംപിമാർക്ക് ഉറപ്പ് നൽകി. കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് അമിത് ഷായ്ക്ക് ബോധ്യമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. കേന്ദ്രസർക്കാർ നേരിട്ട് ഈ വിഷയത്തിൽ ഇടപെടുന്നത് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

[Amit Shah assures to intervene the bail of malayali nuns]

നിലവിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സർക്കാരോ സർക്കാരുമായി ബന്ധപ്പെട്ട ആളുകളോ ഒരു വിവരങ്ങളും നൽകിയിട്ടില്ല. അതേസമയം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡൽഹിയിലുണ്ടെന്നും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ നിലപാട് മയപ്പെടുത്തുകയാണെങ്കിൽ നാളെത്തന്നെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ ദിവസം സെഷൻസ് കോടതിയിൽ ഛത്തീസ്ഗഢ് സർക്കാരും ബജ്‌രംഗ് ദളും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു.

ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ വിഷയത്തിൽ ഒരു ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഛത്തീസ്ഗഢ് സർക്കാരിന്റെ നിലപാടുകൾക്ക് ഘടകവിരുദ്ധമായാണ് അമിത് ഷായുടെ നിലപാട് എന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വലിയ വിവാദമായതോടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെ അറസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി രംഗത്തെത്തിയിരുന്നു.

Read Also: ‘പെണ്‍കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യമാണ്, രാഷ്ട്രീയവത്കരിക്കരുത്’; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

പെൺകുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യം രാഷ്ട്രീയവത്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും, പെൺകുട്ടികളെ നഴ്സിങ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ് എത്തിച്ചതെന്നും പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമം നടത്തിയിരുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. വിഷയം സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും ബജ്റംഗ്  ദളും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ആരോപിച്ചു.

കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകളുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിർബന്ധ മതപരിവർത്തന നിരോധന നിയമം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇരുവർക്കും എതിരെ ചുമത്തിയത്. പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുകയായിരുന്നു കന്യാസ്ത്രീകളുടെ ലക്ഷ്യമെന്ന് എഫ്‌ഐആറിൽ പറയുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള കന്യാസ്ത്രീകൾ ദുർഗ് സെൻട്രൽ ജയിലിലാണുള്ളത്. യുവതികളുടെയും മാതാപിതാക്കളുടെയും മൊഴി വിവരങ്ങൾ പരിശോധിച്ച ശേഷം ജാമ്യാപേക്ഷ നൽകിയാൽ മതിയെന്നാണ് സഭയുടെ തീരുമാനം.

Story Highlights : Arrest of nuns; Amit Shah assures to intervene for bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top