ഇംഗ്ലണ്ടിന്റെ കിരീടനേട്ടത്തിന് തടയിടാൻ ടീം ഇന്ത്യ; അഞ്ചാം ടെസ്റ്റ് മത്സരം ഇന്ന്

വിജയത്തിന്റെ മാധുര്യം നിറഞ്ഞ സമനില നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഇന്ന് കളത്തിൽ. ഇംഗ്ലണ്ടിന്റെ കിരീടനേട്ടം തടയാൻ ഇന്ത്യയ്ക്ക് ജയമല്ലാതെ മറ്റൊന്നും മുന്നിൽ ഇല്ല. മത്സരഫലം സമനിലയാണെങ്കിൽ കൂടി ഇന്ത്യയ്ക്ക് പരമ്പര നഷ്ട്ടമാകും. ഒന്നും മൂന്നും ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്. ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരം വിജയിച്ചെങ്കിലും നാലാം ടെസ്റ്റ് ഫലം സമനിലയായിരുന്നു. അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയിക്കാനായാൽ ആൻഡേഴ്സൻ-ടെണ്ടുൽകർ ട്രോഫി പരമ്പര 2-2 ന് അവസാനിക്കും. എന്നാൽ, ജയിക്കുക എന്നതിനോടൊപ്പം കഴിഞ്ഞ മത്സരങ്ങളിൽ ഉണ്ടായ തകർക്കവും, ഷേക്ക് – ഹാൻഡിന് നോ പറഞ്ഞ സംഭവുമെല്ലാം ഈ ടെസ്റ്റ് മത്സരത്തെ ഒരു അഭിനയത്തിന്റെ പോരാട്ടം കൂടിയാക്കി മാറ്റുന്നു.
വിജയിക്കാമായിരുന്ന ആദ്യത്തെയും, മൂന്നാമത്തെയും മത്സരങ്ങളാണ് ഇന്ത്യ കൈവിട്ട് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. നേടിയെടുത്ത മത്സരങ്ങളിലെ മേൽക്കൈ കളിയുടെ അവസാനത്തോട് അടുക്കുന്തോറും കൈവിട്ട് കളയുകയായിരുന്നു. മത്സരത്തിൽ മേൽകൈ നേടുന്നത് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണെങ്കിലും, അവസാനം കാലിടറുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. എന്നാൽ, തോൽവിയിലേക്ക് കൂപ്പുകുത്തുമെന്ന് കരുതിയ മത്സരം സമനിലയിൽ എത്തിച്ച പോരാട്ടവീര്യം ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സും, ജോഫ്രെ ആർച്ചറും ഇംഗ്ലണ്ട് ടീമിൽ ഇല്ലാത്തതും ഇന്ത്യയ്ക്ക് ആശ്വാസവാർത്തയാണ്. പരുക്കേറ്റ് പുറത്തായ ക്യാപ്റ്റൻ സ്‌റ്റോക്‌സിന് പകരം ഓലി പോപ്പ് ഇംഗ്ലണ്ട് നിരയെ നയിക്കും.
ഇന്ത്യൻ നിരയുടെ കാര്യത്തിൽ അവ്യക്തകൾ തുടരുന്നുണ്ട്. ബുമ്രയെ മൂന്ന് മത്സരങ്ങൾ മാത്രം കളിപ്പിക്കുമെന്നായിരുന്നു നേരത്തെ വന്നിരുന്ന തീരുമാനം. എന്നാൽ, ഇംഗ്ലണ്ടിന്റെ കിരീടനേട്ടത്തിന് തടയിടാൻ ബുംറ തിരിച്ച വരുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. കൂടെ പരുക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ പുറത്തുപോയ ആകാശ് ദീപും അർഷ്ദീപ് സിങ്ങും ഫിറ്റ്നസ് വീണ്ടെടുത്തത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഓവൽ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ, കുൽദീപ് യാദവിനെ കളത്തിൽ ഇറക്കാനുള്ള ചർച്ചകളും പിന്നണിയിൽ നടക്കുന്നുണ്ട്. കൂടാതെ, പരുക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറലും എത്തും.
Story Highlights : India vs England 5th Test Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here