റെക്കോർഡ് തിരുത്തിയെഴുതാൻ കെ.എൽ രാഹുൽ, വേണ്ടത് 45 റൺസ്

ഇന്ത്യ -ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മിന്നും ഫോമിലാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. വിമർശകർക്ക് ബാറ്റ്കൊണ്ട് മറുപടി നൽകി, നാല് ടെസ്റ്റുകളിലായി അദ്ദേഹം അടിച്ച് കൂട്ടിയത് 511 റൺസ്. റൺസ് വേട്ടയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് തൊട്ടുപിന്നിൽ രണ്ടാമതായി രാഹുലുണ്ട്. 46 വർഷങ്ങൾക്ക് ശേഷം ഒരു വിദേശ ടെസ്റ്റ് പരമ്പരയിൽ 500-ലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടം രാഹുൽ ഈ 511 റൺസ് നേടിയതിലൂടെ സ്വന്തമാക്കി.
എന്നാൽ, താരം ഇപ്പോൾ പുതിയ ഒരു റെക്കോർഡിന് അരികിൽ വന്നെത്തി നിൽക്കുകയാണ്. ഇന്ന് ഓവലിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിൽ രാഹുൽ 45 റൺസ് കൂടെ നേടിയാൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറെന്ന റെക്കോഡ് അദ്ദേഹത്തിന് സ്വന്തമാകും. ഈ നേട്ടത്തിലൂടെ മുപ്പത്തിമൂന്നുകാരനായ രാഹുൽ മറികടക്കുക ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറിനെ.
നിലവിൽ 1108 റൺസ് നേടിയിട്ടുള്ള രാഹുൽ 45 റൺസ് കൂടെ നേടിയാൽ ഗവാസ്കറിന്റെ 1152 എന്ന റെക്കോർഡ് മറികടക്കും.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലെല്ലാം രാഹുൽ സ്ഥിരതയോടെ ബാറ്റ് വീശി. നാലാം ടെസ്റ്റിൽ യശസ്വി ജയ്‌സ്വാളും സായ് സുദർശനും റൺസൊന്നും നേടാൻ കഴിയാതെ പുറത്തായപ്പോൾ, ക്യാപ്റ്റൻ ഗില്ലിനൊപ്പം നിർണായക കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മുന്നോട്ട് നയിച്ചു. കഴിഞ്ഞ നാല് ടെസ്റ്റ് മത്സരങ്ങളിലായി അദ്ദേഹം ഇതുവരെ നേടിയത് രണ്ട് സെഞ്ചുറികളും (137, 100) രണ്ട് അർധസെഞ്ചുറികളും (55, 90).
Story Highlights : KL Rahul India -England test cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here