രാഹുൽ വെടിക്കെട്ട്; സീസണിൽ തോൽവിയറിയാതെ ഡൽഹി, ബെംഗളൂരുവിനെ തോൽപ്പിച്ച് നാലാം ജയം

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. 167 റൺസെന്ന വിജയലക്ഷ്യം പതിമൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു. 53 പന്തിൽ ആറു സിക്‌സറും ഏഴ് ഫോറും സഹിതം 93 റൺസ് നേടിയ കെ എൽ രാഹുലാണ് ഡൽഹിയുടെ വിജയം അനായാസമാക്കിയത്. 23 പന്തിൽ 38 റൺസ് നേടിയ ട്രിസ്റ്റൺ സ്റ്റബ്സ് മികച്ച പിന്തുണ നൽകി.
താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടർന്ന ഡൽഹി 58 ന് നാല് എന്ന നിലയിലേക്ക് പതുങ്ങിയിരുന്നു. ഫാഫ് ഡുപ്ലസിസ് (2), ജേക്ക് ഫ്രേസർ-മഗർക്ക് (7), അഭിഷേക് പൊരേൽ (7), അക്സർ പട്ടേൽ (15) എന്നിവർ കാര്യമായ സംഭാവനയില്ലാതെ പുറത്തായി. എന്നാൽ പിന്നീട് ക്രീസിൽ നിലയുറപ്പിച്ച രാഹുല്‍–സ്റ്റബ്സ് സഖ്യം ആര്‍സിബിയോടുള്ള മത്സരം പിടിച്ചെടുക്കുകയായിരുന്നു.
ആര്‍സിബിക്കായി ഫിലിപ് സാള്‍ട്ട് (17 പന്തിൽ 37), ടിം ഡേവിഡ് (20 പന്തിൽ 37) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഡൽഹിക്ക് വേണ്ടി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
സാള്‍ട്ടിനും ഡേവിഡിനും പുറമെ രജത് പടിദാര്‍ (23 പന്തിൽ 25), വിരാട് കോലി (14 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മികച്ച തുടക്കമായിരുന്നു ആര്‍സിബിക്ക് — ആദ്യ വിക്കറ്റിൽ സാള്‍ട്ട്–കോലി സഖ്യം 61 റൺസ് ചേർത്തു. പിന്നീട് ടിം ഡേവിഡിന്റെ പോരാട്ടമാണ് സ്‌കോർ 150 കടക്കാൻ സഹായിച്ചത്.
Story Highlights : KL Rahul shines as DC beat RCB by 6 wickets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here