സാമൂഹ്യ വ്യാപന ഭീഷണി; തിരുവനന്തപുരത്ത് കർശന നിയന്ത്രണം

സമൂഹവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ആൾക്കൂട്ടം ഒഴിവാക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. നാല് പ്രദേശങ്ങളെയാണ് കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലും മന്ത്രിമാരുടെ ഓഫീസിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിനു മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തലസ്ഥാന ജില്ലയിലെ പൊലീസുകാർക്ക് ഡിജിപി ജാഗ്രതാ നിർദേശം നൽകി. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തലസ്ഥാന ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നഗരൂർ പഞ്ചായത്തിലെ ചെമ്മരത്തി മുക്ക്, ഒറ്റ ശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുറവാര, പാറശാല ഗ്രാമപഞ്ചായത്തിലെ വാണിയക്കൂട്, ഇഞ്ചിവിള എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണാക്കിയിട്ടുണ്ട്. നഗരത്തില സാമൂഹ്യ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.
സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഔദ്യോഗിക ആവശ്യത്തിന് വരുന്നവർ മതിയായ രേഖകൾ കാണിച്ചാൽ മാത്രമേ പ്രവേശനമനുവദിക്കൂ. മന്ത്രിമാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നവർ പൊതുഗതാഗത സംവിധാനം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നന്ദാവനം എ.ആർ ക്യാമ്പും സെക്രട്ടറിയേറ്റും കമ്മീഷണർ ഓഫീസും അണുവിമുക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടികയിലുള്ള 28 ഉദ്യോഗസ്ഥരുടെ സ്രവം സ്വീകരിച്ചിട്ടുണ്ട്. നഗരത്തിലെ പൊലീസുകാർക്ക് ഡിജിപി ജാഗ്രതാ നിർദേശം നൽകി. ജനങ്ങളുടെ പെരുമാറ്റം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അടുത്ത രണ്ട് ദിവസങ്ങൾ നഗരത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നഗരത്തിലേക്ക് വരുന്നവർ ബ്രേക്ക് ദ ചെയിൻ ഡയറി കരുതണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
Story highlight: The threat of Covid community transmission; Strict regulation in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here