ദക്ഷിണ ചൈന കടലിലേക്ക് വിമാനവാഹിനി കപ്പലുകൾ അയച്ച് അമേരിക്ക

ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് അമേരിക്ക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹിനി കപ്പലുകളാണ് സൈനികാഭ്യാസങ്ങൾക്കായി എത്തുന്നത്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടെയാണിത്.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അമേരിക്കയുടെ നീക്കമെന്നാണ് സൂചന. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികൾക്കും സഖ്യകക്ഷികൾക്കും വ്യക്തമായ സൂചന നൽകുകയാണ് ലക്ഷ്യമെന്ന് യു.എസ് റിയർ അഡ്മിറൽ ജോർജ് എം.വൈകോഫ് പറഞ്ഞു. ചൈനയുടെ അഭ്യാസ പ്രകടനങ്ങൾക്കുള്ള പ്രതികരണമല്ല ഇതെന്നും വൈകോഫ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ദക്ഷിണ ചൈന കടലിൽ എവിടെയാണ് അമേരിക്ക അഭ്യാസ പ്രകടനങ്ങൾ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകൾക്കൊപ്പം നാല് യുദ്ധകപ്പലുകളുമുണ്ടാകുമെന്നും കൂടാതെ ചുറ്റും യുദ്ധവിമാനങ്ങളുമുണ്ടാകുമെന്ന് അമേരിക്കയിലെ പ്രമുഖ പത്രമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പൈൻ കടലിലും ചൈന കടലിലും അമേരിക്ക സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

വിയറ്റ്‌നാമും ചൈനയും അവകശവാദം ഉന്നയിക്കുന്ന പാരസെൽ ദ്വീപുകൾക്ക് സമീപം ജൂലൈ ഒന്ന് മുതൽ അഞ്ച് ദിവസത്തെ അഭ്യാസപ്രകടനങ്ങൾ ചൈന ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ ഈ നീക്കത്തിനെതിരെ വിയറ്റ്‌നാമും ഫിലിപ്പിൻസും കടുത്ത വിമർശനമുയർത്തിയിരുന്നു. ചൈനയുടെ അഭ്യാസപ്രകടനം പ്രകോപനപരമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നിയമവിരുദ്ധമായിട്ടാണ് ചൈന സമുദ്രാവകാശവാദങ്ങൾ നടത്തുന്നതെന്നും പോംപിയോ വ്യക്തമാക്കിയിരുന്നു.

Story highlight: US sends two aircraft carriers to South China Sea

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top