Advertisement

ആക്ട് സ്മാർട്ട്; വ്യാജ കാസ്റ്റിംഗ് കോളുകൾക്ക് എതിരെ ഫെഫ്കയുടെ ഹ്രസ്വ ചിത്രം

July 5, 2020
Google News 0 minutes Read

സിനിമയിലൂടെ നടക്കുന്ന തട്ടിപ്പുകൾക്ക് എതിരെ ഷോർട്ട് ഫിലിമുമായി സിനിമാ പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. കൂടാതെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും ഫെഫ്ക ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കൂടാതെ കാസ്റ്റിംഗ് ഏജൻസികൾക്കും കാസ്റ്റിംഗ് ഡയറക്ടർമാർക്കും രജിസ്‌ട്രേഷൻ ഏർപ്പെടുത്തുമെന്നും ഫെഫ്ക അധികൃതർ പറഞ്ഞു.

ഷോർട്ട് ഫിലിമിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അന്ന ബെന്നാണ്. പ്രമുഖ ഛായാഗ്രഹകനായ ജോമോൻ ടി ജോണാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ഷോർട്ട് ഫിലിമിന് വോയിസ് ഓവര്‍ നൽകിയിരിക്കുന്നത് മോഹൻലാലാണ്. ആക്ട് സ്മാർട്ട് എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം,

സിനിമയിൽ അവസരം നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി ആളുകളെ പല വിധത്തിൽ ചൂഷണം ചെയ്യുന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ ദിനംപ്രതി നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണല്ലോ.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് സിനിമാ മേഖലയ്ക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . സിനിമാ രംഗത്തേക്ക് വരാനാഗ്രഹിക്കുന്നവർ ഈ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ ഓർമപ്പെടുത്തി.

പെൺകുട്ടികൾക്ക് ചലച്ചിത്ര മേഖലയിൽ നിന്ന് കാസ്റ്റിംഗുമായി ബന്ധപ്പെട്ടും അല്ലാതെയും ഉണ്ടാകുന്ന ദുരനുഭവങ്ങൾ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെഫ്ക വിമൻസ് വിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. +91 9846342226 എന്ന നമ്പരിൽ സ്ത്രീകൾക്കും ട്രാൻസവുമൺ കമ്മ്യുണിറ്റിയിൽപ്പെട്ടവർക്കും ബന്ധപ്പെടാവുന്നതാണ് .+91 9645342226 എന്ന നമ്പറിൽ സിനിമ കാസ്റ്റിംഗ് കോളുകളുടെ ആധികാരികത അന്വേഷിക്കാവുന്നതാണ്.

ഈ വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ഹ്രസ്വചിത്രം കൂടി ഫെഫ്ക നിർമ്മിക്കുന്നുണ്ട്. പ്രശസ്ത യുവ അഭിനേത്രി അന്ന ബെൻ കേന്ദ്ര കഥാപാത്രമായി വേഷമിടുന്ന ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിക്കുന്നത് യുവ തലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രകാരൻ ജോമോൻ ടി ജോൺ ആണ് . കൊവിഡ് 19 ന്റെ വ്യാപനം തടയാൻ ഫെഫ്ക നിർമ്മിച്ച 9 ബോധവൽക്കരണ ഹ്രസ്വ ചിത്രങ്ങളേയും ആവേശപൂർവ്വം സ്വീകരിച്ച പ്രേക്ഷകർക്ക് മുമ്പിലേക്ക് ഫെഫ്കയുടെ യൂട്യൂബ് ചാനൽ വഴി തന്നെയാകും പുതിയ ചിത്രവും എത്തുക.

ഒപ്പം, കാസ്റ്റിംഗ് ഏജൻസി അല്ലെങ്കിൽ കാസ്റ്റിംഗ് ഡയറക്ടറുമായി ഫെഫ്ക പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തുന്നു. ഫെഫ്കയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കാസ്റ്റിംഗ് ഏജൻസി അല്ലെങ്കിൽ കാസ്റ്റിംഗ് ഡയറക്ടറിന്റെ പൂർണവിവരങ്ങൾ പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ, അമ്മ, ഡയറക്ടേഴ്‌സ് യൂണിയൻ, പ്രൊഡക്ഷൻ എക്‌സിക്യുറ്റൈവ്‌സ് യൂണിയൻ എന്നീ സംഘടനകൾക്ക് കൈമാറും. ഓഡിഷൻ അല്ലെങ്കിൽ കാസ്റ്റിംഗ് എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ചൂഷണങ്ങൾക്ക് വലിയ തോതിൽ തടയിടാൻ ഈ സംവിധാനം പ്രയോജനപ്പെടും എന്നാണ് ഫെഫ്ക കരുതുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here