കണ്ണൂരില്‍ പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ ആള്‍ ആശുപത്രി വിട്ടു

covid19 coronavirus kannur 

കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ ആള്‍ ആശുപത്രി വിട്ടു. ചക്കരക്കല്‍ കൂടാളി ഐശ്വര്യയിലെ ബൈജു ( 54) ആണ് ഞായറാഴ്ചയോടെ വീട്ടിലേക്ക് മടങ്ങിയത്. രണ്ട് ശ്വാസകോശത്തിലും കടുത്ത ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി കൊവിഡ് സെന്ററില്‍ നിന്നാണ് ജൂണ്‍ 20ന് പരിയാരത്ത് എത്തിച്ചത്. കുവൈത്തില്‍ നിന്ന് നാട്ടില്‍ എത്തിയതായിരുന്നു ഇദ്ദേഹം. അതീവ ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ഉന്നത മെഡിക്കല്‍ വിദഗ്ധരുള്‍പ്പടെയുള്ളവരുമായി ആലോചിച്ചാണ് പ്ലാസ്മ തെറാപ്പി നല്‍കാന്‍ തീരുമാനിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊവിഡ്‌

രോഗികളുടെ അവസ്ഥയും, സാഹചര്യങ്ങളും നോക്കിയാണ് നൂറു ശതമാനം ഉറപ്പ് ഇല്ലെങ്കില്‍ പോലും പ്ലാസ്മ തെറാപ്പി നല്‍കുന്നത്. കൊവിഡ് ബാധിച്ച് ഭേദമായ രോഗിയുടെ രക്തം എടുത്ത് പ്ലാസ്മ ശേഖരിച്ച് , പ്രത്യേക മെഷീന്‍ സഹായത്തോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്. പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഇതിന് സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പ്ലാസ്മ തയാറാക്കിയാണ് പ്രത്യേക ആംബുലന്‍സില്‍ കൊണ്ടുവന്ന് രോഗിക്ക് ചികിത്സ നല്‍കിയത്. ജൂണ്‍ 24,25 തിയതികളിലായി രണ്ടുതവണ പ്ലാസ്മ ചികിത്സ നല്‍കി. രോഗം ഭേദമായതിനെത്തുടര്‍ന്ന് ജൂണ്‍ 28 നാണ് വാര്‍ഡിലേക്ക് മാറ്റിയത്. തുടര്‍ ദിവസങ്ങളിലും ആവശ്യമായ പരിചരണം നല്‍കി. പിന്നീട് നടത്തിയ രണ്ട് പരിശോധനകളിലും കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യമായിരുന്നു ഒരു കൊവിഡ് രോഗിക്ക് പ്ലാസ്മ തെറാപ്പി നല്‍കുന്നതും രോഗം ഭേദമാകുന്നതും.

Story Highlights Patient cured through plasma therapy discharged at Kannur‌

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top