വാളയാർ പെൺകുട്ടികളുടെ സഹോദരനെ വീട്ടിൽ നിന്ന് മാറ്റാൻ പൊലീസിന്റെ ഗൂഢനീക്കം; ആവശ്യത്തിനെതിരെ അമ്മ

വാളയാർ പെൺകുട്ടികളുടെ സഹോദരനെ വീട്ടിൽ നിന്നും മാറ്റാൻ പൊലീസിന്റെ ഗൂഢ നീക്കം. ഡിവൈസ്പി എംജെ സോജനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് പൊലീസ് ഈ നീക്കം നടത്തിയിരിക്കുന്നത്. പൊലീസിന്റെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി.
എന്തുകാരണം കൊണ്ടും കുട്ടിയെ വീട്ടിൽ നിന്ന് മാറ്റില്ലെന്നും അമ്മ പറഞ്ഞു. കുട്ടി മാത്രമല്ല വീട്ടിൽ താമസിക്കുന്നത്. മറ്റുള്ളവരുടെ ജീവന് ഭീഷണി ഇല്ലേയെന്നും അമ്മ ചോദിച്ചു. ഹോസ്റ്റലിൽ താമസിച്ചിരുന്ന സമയത്ത് കുട്ടിക്ക് എതിരെ രണ്ട് പ്രാവശ്യം അപായപ്പെടുത്താൻ ശ്രമം നടന്നിരുന്നുവെന്നും രണ്ട് ദിവസം മുൻപ് കുട്ടിക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞ പൊലീസ് ഇപ്പോൾ കുട്ടിയുടെ പഠനാർത്ഥം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടതായും അമ്മ പറഞ്ഞു.
Read Also: ‘അമ്മ’ യോഗം നടക്കുന്ന കൊച്ചിയിലെ ഹോട്ടലിൽ പ്രതിഷേധം
നേരത്തെ വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാൻ കൂടെ നിന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തത്. കൂടെ നിൽക്കുമെന്ന് പറഞ്ഞ സർക്കാർ വഞ്ചിച്ചുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസ് അന്വേഷിച്ച ഡിവൈഎസ്പി എംജെ സോജന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ വിഷയത്തിലായിരുന്നു പ്രതികരണം. ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളതായും നിർഭയയുടെ അമ്മ തെരുവിലിറങ്ങിയതുപോലെ മക്കളുടെ നീതിയ്ക്കായി താനും തെരുവിലിറങ്ങുമെന്നും അമ്മ വി ഭാഗ്യവതി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here