സ്വർണക്കടത്ത് കേസിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് യുഎഇ സർക്കാർ

gold smuggling

തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസിൽ യുഎഇ സർക്കാർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. കോൺസുലേറ്റിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. കേസിൽ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത്ത് അറസ്റ്റിലായിരുന്നു. സരിത്തിൽ നിന്നാണ് ഐടി വകുപ്പ് ഉദ്യോഗസ്ഥയായ സ്വപ്‌നാ സുരേഷിന്റെ പങ്ക് കസ്റ്റംസിന് വ്യക്തമായത്. അതേസമയം സ്വപ്‌നാ സുരേഷിന്റെ ഫ്ളാറ്റില്‍ നിന്ന് ലാപ്‌ടോപ്പും ഹാർഡ് ഡ്രൈവും അന്വേഷണ സംഘം പിടിച്ചെടുത്തു. അന്വേഷണം കസ്റ്റംസ് ഊർജിതമാക്കി.

സ്വപ്‌ന സുരേഷിന്റെ ഫഌറ്റിലെ കസ്റ്റംസ് റെയ്ഡ് പൂർത്തിയായെന്നാണ് വിവരം. ലാപ്‌ടോപ്പും പെൻഡ്രൈവും ഹാർഡ് ഡിസ്‌ക്കും പിടിച്ചെടുത്തു. ആറ് മണിക്കൂർ റെയ്ഡിനൊടുവിലാണ് ഇവ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും സ്വപ്‌നയുടെ വീട്ടിൽ റെയ്ഡുണ്ടായിരുന്നു. എന്നാൽ ഇന്ന് കെയർ ടേക്കറുടെ സഹായത്തോടെ ഇന്ന് കൂടൂതൽ തെരച്ചിൽ നടത്തി.

Read Also : സ്വർണക്കടത്ത് കേസിൽ ഏത് അന്വേഷണത്തിനും സമ്മതമെന്ന് മുഖ്യമന്ത്രി; ‘സോളാർ കേസുമായി ബന്ധപ്പെടുത്താൻ ശ്രമം’

ഒരു വർഷത്തിനിടെ 160 കിലോയോളം സ്വർണം പ്രതികൾ കടത്തിയതായാണ് പ്രാഥമിക സൂചന. ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും സ്വപ്‌നയ്ക്ക് യുഎഇ കോൺസുലേറ്റിൽ ഉന്നത സ്വാധീനമുണ്ടായിരുന്നതായാണ് വിലയിരുത്തൽ. പ്രതി സരിത്തിനെ എൻഐഎയും ഐബിയും ഇന്ന് ചോദ്യം ചെയ്തു.

അതേസമയം കേസില്‍ ഏത് അന്വേഷണത്തിനും സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റവാളികളെ കണ്ടെത്തുകയും അവരുടെ വേരറുക്കുകയും വേണം. ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ല. അത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കുക. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു തീരുമാനവും എടുക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights gold smuggling, uae, consulate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top