‘ഏഷ്യാ കപ്പ് മാറ്റിവച്ചു’; പിസിബിയെ തള്ളി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ

ഏഷ്യാ കപ്പിൻ്റെ ഭാവിയിൽ ഔദ്യോഗിക പ്രതികരണവുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഇക്കൊല്ലം പാകിസ്താനിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് എസിസി അറിയിച്ചു. ടൂർണമെൻ്റ് മാറ്റിവെച്ചിട്ടില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രസ്താവനയെ തള്ളിയാണ് എസിസി വിഷയത്തിൽ നിലപാടറിയിച്ചത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് എസിസി രംഗത്തെത്തിയത്.
Read Also : ഏഷ്യാ കപ്പ് മാറ്റിവച്ചുവെന്ന് ഗാംഗുലി; ഇല്ലെന്ന് പിസിബി: തീരുമാനം വ്യാഴാഴ്ച
‘കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സാഹചര്യം കൃത്യമായി വിലയിരുത്തിയതിൻ്റെ പശ്ചാത്തലത്തിൽ, ഇക്കൊല്ലം സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവെക്കാൻ എസിസിയുടെ എക്സിക്യൂട്ടിവ് ബോർഡ് തീരുമാനിച്ചിരിക്കുന്നു’- ട്വിറ്ററിലൂടെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ കുറിച്ചു. അടുത്ത ഏഷ്യാ കപ്പ് 2021 ജൂൺ മാസത്തിൽ ശ്രീലങ്കയിൽ നടക്കും. 2022ൽ പാകിസ്താനും ടൂർണമെൻ്റിനു വേദിയാവും.
ഏഷ്യാ കപ്പിൻ്റെ ഭാവി തീരുമാനിക്കാനായി വ്യാഴാഴ്ച ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഗാംഗുലി ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് അറിയിച്ചത്. “ഡിസംബറിൽ നമ്മൾ ആദ്യ മുഴുനീള സീരീസ് നടത്തും. ഏഷ്യാ കപ്പ് മാറ്റിവച്ചു.”- ഒരു ഇൻസ്റ്റഗ്രാം ലൈവിനിടെ ഗാംഗുലി പറഞ്ഞു.
Read Also : ഏഷ്യാ കപ്പ് മാറ്റില്ലെന്ന് പിസിബി; ശ്രീലങ്കയോ യുഎഇയോ ആതിഥേയരാവും: തിരിച്ചടി ഐപിഎല്ലിന്
എന്നാൽ, ഗാംഗുലിയുടെ പ്രസ്താവന പിസിബി തള്ളിയിരുന്നു. “എൻ്റെ അറിവിൽ ഏഷ്യാ കപ്പിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എസിസി ബോഡിയാണ്. തീരുമാനം അവിടെയാണ് എടുക്കേണ്ടത്. ഗാംഗുലിയുടെ പരാമർശങ്ങൾക്ക് അവിടെ സ്വാധീനമില്ല.”- പിസിബി തലവൻ ഇഹ്സാൻ മാനി പറഞ്ഞു. ഏഷ്യാ കപ്പ് മാറ്റിവെക്കില്ലെന്ന് പിസിബി പലതവണ അറിയിച്ചിരുന്നു. ഇതിനെയൊക്കെ തള്ളിയാണ് ഇപ്പോൾ എസിസി നിലപാടറിയിച്ചത്.
Story Highlights – asia cup cricket postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here