സ്വര്‍ണക്കടത്ത് കേസ് അന്വേഷണം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കുന്നില്ല. എന്ത് സഹായമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയാറാകുന്നില്ല. കേരള പൊലീസ് കസ്റ്റംസിന് സഹായം നല്‍കുന്നില്ല. കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്. അന്വേഷണം നടത്തുന്നില്ല.
സ്വര്‍ണക്കള്ളക്കടത്ത് തട്ടിപ്പുകാര്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ ഉപയോഗിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ വിമാനത്താവളത്തിലേക്കും തിരിച്ചും പോയി. വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡുകളും വിസിറ്റിംഗ് കാര്‍ഡുകളും ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുന്നില്ല.
കള്ളക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാരാണ് അന്വേഷിക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറരുത്. വൈകുന്നേരം ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നപോലെ വാര്‍ത്താസമ്മേളനം നടത്തി പോയിട്ട് കാര്യമില്ല. ക്ലിഫ് ഹൗസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Story Highlights – gold smuggling case, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here