സംസ്ഥാനം ആശങ്കപ്പെടേണ്ട ഘട്ടമാണിത്; നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: മുഖ്യമന്ത്രി

സംസ്ഥാനം ആശങ്കപ്പെടേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനത്തിലെ ഏറ്റവും നിർണായക ഘട്ടമാണ് ഇത്. നാം നല്ല രീതിയിൽ ആശങ്കപ്പെടേണ്ട ഘട്ടം. സമൂഹവ്യാപനത്തിൻ്റെ വക്കിലെത്തുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ അതിലേക്ക് വലിയ തോതിൽ അടുക്കുകയാണോ എന്ന് ശങ്കിക്കേണ്ടതുണ്ട്. ഇവിടെ ഉണ്ടായ ഒരു കാര്യം ഗൗരവമായി എടുക്കണം എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
“ഒരു മത്സ്യ മാർക്കറ്റിൽ ഉണ്ടായ രോഗ വ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ലോക്ക്ഡൗണിലേക്ക് നയിച്ചു. ട്രിപ്പിൾ ലോക്ക്ഡൗണിലേക്കെത്തി. നഗരത്തിൻ്റെ വിവിധ മേഖലകളിലേക്ക് രോഗമെത്തി എന്ന് ഇന്നത്തെ പരിശോധനാഫലം തെളിയിക്കുന്നു. ഇത് അവിടെ മാത്രമുള്ളതാണല്ലോ എന്ന് കരുതി മറ്റ് പ്രദേശങ്ങൾ ആശ്വാസം കൊള്ളേണ്ടതില്ല. കാരണം മറ്റ് ചിലയിടങ്ങളിലും സമാന സാഹചര്യം കാണുന്നുണ്ട്. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളത്.”- മുഖ്യമന്ത്രി പറഞ്ഞു.
Read Also : ഇടുക്കിയില്‍ ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ 20 പേർക്ക് കൂടി കൊവിഡ്
“ഇപ്പോൾ ഉള്ള നിയന്ത്രണങ്ങൾ സമൂഹത്തെ മൊത്തം കണക്കിലെടുത്തു കൊണ്ട് ഉള്ളതാണ്. സമൂഹത്തിൻ്റെ രക്ഷക്ക് വേണ്ടിയാണ്. അവ കർശനമായി പാലിക്കണം. പാലിക്കുന്നില്ലെങ്കിൽ സമ്പർക്ക വ്യാപനത്തിലേക്കും സൂപ്പർ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും എത്തിയേക്കാം. ഇതിനൊന്നും അധികം സമയം വേണ്ട. ഇപ്പോൾ രോഗം ബാധിച്ച പലരുടെയും സമ്പർക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കരുത്. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ പുറത്തിറങ്ങാവൂ. എവിടെയും ആൾക്കൂട്ടം ഉണ്ടാവരുത്. സമ്പർക്ക പട്ടിക തയ്യാറാക്കുന്നവർക്ക് ഏറെ കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. ഇത് മനസ്സിലാക്കാനുള്ള വിവേകം ഉണ്ടാവണം.”- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – pinarayi vijayan press meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here