കാസര്‍ഗോഡ് ജില്ല വീണ്ടും സമ്പര്‍ക്ക രോഗവ്യാപന ആശങ്കയില്‍

കാസര്‍ഗോഡ് വീണ്ടും സമ്പര്‍ക്ക രോഗവ്യാപന ആശങ്ക. 11 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. പഴംപച്ചക്കറി കടകളിലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. കാസര്‍ഗോഡ് ഇന്ന് പുതുതായി 17 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടില്‍ എത്തിയവരാണ്. മറ്റു പതിനൊന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

നാല് പച്ചക്കറി കടകളില്‍ നിന്നും ഒരു പഴവര്‍ഗ കടയില്‍ നിന്നുമാണ് സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്ക് കൊവിഡ് ബാധിച്ചത്. ചെങ്കള, മധൂര്‍, കാസര്‍ഗോഡ് നഗരസഭ സ്വദേശികള്‍ക്കാണ് ഇത്തരത്തില്‍ രോഗം പിടിപെട്ടത്. ഇതോടെ ജില്ലയില്‍ കാസര്‍ഗോഡ് നഗരമടക്കുമുള്ള പ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി കളക്ടര്‍ ഡി. സജിത് ബാബു പ്രഖ്യാപിച്ചു. ജില്ലാ അതിര്‍ത്തിയായ കാലിക്കടവു മുതല്‍ പ്രധാന മാര്‍ക്കറ്റുകളെല്ലാം ജൂലൈ 17 വരെ അടച്ചിടും. കാസര്‍ഗോഡ് നഗരസഭയിലെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും, കാസര്‍ഗോഡ് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന മുളിയാര്‍ സ്വദേശിക്കും ചെങ്കളയിലെ 25കാരിയായ ആരോഗ്യ പ്രവര്‍ത്തകയ്ക്കും മംഗളൂരുവില്‍ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിക്കും ഇദ്ദേഹത്തിന്റെ മകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതേസമയം, കുംബഡാജെ, ദേലംപാടി, തൃക്കരിപ്പൂര്‍, കുമ്പള, മൊഗ്രാല്‍പുത്തൂര്‍ സ്വദേശികള്‍ക്കാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനത്തുനിന്നുമായി നാട്ടിലെത്തി കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights covid19, coronavirus, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top