ദുരൂഹത മാറാതെ കൊല്ലം അഞ്ചലിലെ രാജുവിന്റെ മരണം; നീതിയ്ക്കായി കുടുംബം

രണ്ടു വർഷം പിന്നിട്ടിട്ടും ദുരൂഹത മാറാതെ കൊല്ലം അഞ്ചലിലെ പട്ടികജാതി യുവാവിന്റെ മരണം. അഞ്ചൽ തടിക്കാട് മാരൂർ ചരുവിള വീട്ടിൽ രാജുവിന്റെ മരണത്തിലെ അന്വേഷണമാണ് വഴി മുട്ടിയത്. 2018 ജൂലൈ ഒന്നിനാണ് വീടിന് സമീപത്തെ തോട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
കൂലിവേല ചെയ്ത് കുടുംബം പുലർത്തിരുന്ന രാജു 2018 ജൂൺ 30ന് ജോലിക്ക് പോയ ശേഷം തിരിച്ചെത്തിയില്ല. പിറ്റേ ദിവസം രാജുവിന്റെ മൃതദേഹം തോട്ടിൽ കമഴ്ന്ന് കിടന്ന നിലയിൽ കണ്ടെത്തി. രാജുവിന്റെ ഇടതുകൈയിൽ 6 സെന്റിമീറ്റർ ആഴത്തിലുള്ള മുറിവ് ഉൾപ്പെടെ 8 ഓളം മുറിവുകൾ ഉണ്ടായിരുന്നു.
കൊലപാതകമാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അന്നു തന്നെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നും കണ്ടെത്തി. ശ്വാസകോശത്തിലും, വയറ്റിലും മണൽത്തരികളുടെ അംശം ഉണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
തുടർന്ന് അന്നത്തെ അഞ്ചൽ സിഐ സതികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നാലോളം പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ സതികുമാർ സ്ഥലം മാറി പോയതിനെ തുടർന്ന് അന്വേഷണം നിലച്ചു. മുഖ്യമന്ത്രിക്കുൾപ്പടെ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും അതും ഫലം കണ്ടില്ല.
രാജുവിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ഭാര്യക്കും രണ്ട് പെൺമക്കൾക്കും പഞ്ചായത്തിൽ നിന്നും വീട് നിർമിക്കുന്നതിന് പണം അനുവദിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വീടിന്റെ ഒരുഭാഗം പ്ലാസ്റ്റിക് ടാർപ്പ കെട്ടിയാണ് ഇവർ കഴിയുന്നത്.
Story Highlights – kollam, anjal, raju death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here