Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (10-07-2020)

July 10, 2020
1 minute Read
headline

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് നയതന്ത്ര ബാഗ് അല്ലെന്ന് യുഎഇ

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നത് നയതന്ത്ര ബാഗ് അല്ലാ പാഴ്‌സല്‍ മാത്രമാണെന്ന് യുഎഇ. നയതന്ത്ര പരിരക്ഷ പാഴ്‌സലിനില്ലെന്നും ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ പാഴ്‌സലാണ് വന്നതെന്നും യുഎഇ ഇന്ത്യയെ അറിയിച്ചു.

സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; എൻഐഎ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എൻഐഎ ഏറ്റെടുത്ത കേസാണ് ഇതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഇവരുടെ ജാമ്യാപേക്ഷ തള്ളണം. സ്വപ്ന കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ സന്ദീപിൻ്റെ ഭാര്യ സൗമ്യയുടെ മൊഴിയുണ്ട് എന്നും അഭിഭാഷകൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം; കണ്ണൂരിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അക്രമാസക്തം. കണ്ണൂരിലും കൊല്ലത്തും കോഴിക്കോടും പൊലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജനസംഘടനകൾ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ പ്രതിഷേധം നടത്തിയത്.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തി കേസെടുക്കും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎപിഎ ചുമത്തി കേസെടുക്കുമെന്ന് സൂചന. കേസ് അന്വേഷിക്കാനുള്ള എൻഐഎ തീരുമാനം യുഎഇയെ അറിയിച്ചു. കൊച്ചി യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. തീവ്രവാദ ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. യുഎപിഎയിലെ 15,16,17,18 വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. ഭീകരപ്രവർത്തനവും ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.

പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘനം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി

കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. വലിയ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടയുകയും ചെയ്തു.

കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. കാൺപൂരിലേക്ക് വന്ന അകമ്പടി വാഹനം മറിഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെയ്ക്ക് നേരെ പൊലീസ് വെടിയുതിർത്തുകയായിരുന്നു. കാൺപൂർ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

കൊവിഡിൽ വലഞ്ഞ് രാജ്യം; ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് രോഗത്തിൽ വലഞ്ഞ് രാജ്യം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം. ഗുജറാത്തിൽ മരണങ്ങൾ 2000 കടന്നു. ഉത്തർപ്രദേശിൽ ഇന്ന് രാത്രി പത്ത് മുതൽ പതിമൂന്നാം തീയതി പുലർച്ചെ വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബംഗളൂരുവിൽ ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾക്ക് മന്ത്രിമാർ നേതൃത്വം നൽകും. രാജ്യത്ത് വീണ്ടും സെറോ സർവേ നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Story Highlights todays news headlines july 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top