Advertisement

തലസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്

July 13, 2020
Google News 1 minute Read

തലസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വന്നു. അതിതീവ്ര രോഗ ബാധിത മേഖലകൾ ഒഴികെയുള്ള നഗരസഭാ പരിധിയിൽ കടകൾ രാവിലെ 7 മുതൽ 12 വരെ പ്രവർത്തിച്ചു. വൈകുന്നേരം 4 മുതൽ 6 വരെയും പ്രവർത്തനാനുമതിയുണ്ട്. സർക്കാർ ഓഫിസുകളിൽ ജീവനക്കാരെത്തി. ഓട്ടോ ടാക്സി ഒഴികെയുള്ള പൊതുഗതാഗതത്തിന് അനുമതിയില്ല. അതേ സമയം തലസ്ഥാനത്തെ തീരദേശ മേഖലയിൽ രോഗ വ്യാപനം കൂടുന്നത് ജില്ലാ ഭരണകൂടത്തിന് ആശങ്കയാകുന്നു.

തലസ്ഥാനത്ത് ഇന്നലെ നാൽപ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുടെ സമ്പർക്കപ്പട്ടിക പൂർത്തിയാക്കാനാകാതെ കുഴയുകയാണ് ജില്ലാ ഭരണകൂടം. പലർക്കും യാത്രാ പശ്ചാത്തലമില്ലാത്ത രോഗ വ്യാപനത്തിന്റെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിർത്തി പ്രദേശമായ പാറശാലയിൽ കഴിഞ്ഞ പതിനൊന്ന് ദിവസങ്ങൾക്കിടെ 9 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ ലോക് ഡൗൺ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ പൂന്തുറയിൽ സമ്പർക്ക രോഗബാധിതരുണ്ടായിരുന്നില്ല. ആന്റിജൻ പരിശോധന രണ്ട് ദിവസം നടന്നിരുന്നില്ല.

എന്നാൽ, ആന്റിജൻ പരിശോധന പുനരാരംഭിച്ചതിനാൽ ഇന്ന് കൂടുതൽ കേസുകൾ ഉണ്ടാകാനാണ് സാധ്യതയെന്ന് ജില്ലാ ആരോഗ്യ വിഭാഗം വിലയിരുത്തുന്നു. ഇന്നലെ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവരിൽ ചിലർ തീരദേശ പ്രദേശങ്ങളായ പുല്ലുവിള, വള്ളക്കടവ്, ബീമാപള്ളി, ഫോർട്ട്, കോട്ടപുരം മേഖലകളിലുണ്ട്. ഇതിൽ ഉറവിടം വ്യക്തമല്ലാത്ത കേസുകളുമുണ്ട്. തീരദേശത്ത് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം.

അതേസമയം, ലോക്ക് ഡൗൺ നീട്ടിയ തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇളവുകൾ നിലവിൽ വന്നു. കടകൾ രാവിലെ 7 മുതൽ 12 വരെ തുറന്ന് പ്രവർത്തിച്ചു. സാമൂഹിക അകലം പാലിച്ച് ജനങ്ങൾ വ്യാപാര സ്ഥാപനങ്ങളിലെത്തി. സെക്രട്ടറിയേറ്റ് അടക്കമുള്ളസർക്കാർ ഓഫിസുകൾ 50% ജീവനക്കാരോടെ പ്രവർത്തനം പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്ഓട്ടോ- ടാക്സികളും സർവീസ് നടത്തുന്നു. ഓൺലൈൻ ഭക്ഷണ വിതരണത്തിന് അനുമതിയില്ല.ബസ് സർവീസുകൾക്കും അനുമതിയില്ല. അതിതീവ്ര കണ്ടെയ്ൻമെന്റ് സോണുകളായ പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുകയാണ്.

Story Highlights lock down relaxation, thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here