അന്വേഷണം ഓഫീസിലേക്കും എത്തട്ടെ, അതില്‍ പേടിയില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം തന്റെ ഓഫീസിലേക്കും എത്തുന്നതില്‍ ഭയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. സ്വപ്‌ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം; സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസം അനാവശ്യം- മുഖ്യമന്ത്രി
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫലപ്രദമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ലഭിക്കുന്ന സൂചനകള്‍വച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം പോകുന്നത്. ആ അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്കെത്തുന്നുണ്ടെങ്കില്‍ എത്തട്ടെ. അതില്‍ ഒരു പേടിയുമില്ല. ചിലര്‍ക്ക് വലിയ നെഞ്ചിടിപ്പുണ്ട്. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി അന്വേഷണത്തെ ഉപയോഗിക്കും എന്ന മുന്‍വിധിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ വിവാദവനിതയുമായി ബന്ധപ്പെട്ടതിനാലാണ് ശിവശങ്കറിനെ മാറ്റി നിര്‍ത്തിയത്. അതിനപ്പുറം കാര്യങ്ങള്‍ വരുന്നെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. അതില്‍ സംശയമില്ല. ഈ സ്ത്രീയെ നിയമിച്ചതു സംബന്ധിച്ച് അന്വേഷിക്കും. അതില്‍ വീഴ്ചകള്‍ ഉണ്ടോ എന്ന് പരിശോധിക്കും. ഓരോരുത്തരുടെയും സങ്കല്‍പ്പത്തിനനുസരിച്ച് നടപടിയെടുക്കാന്‍ പറ്റില്ല. വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തുന്ന കാര്യത്തിനുമേല്‍ ആണ് നടപടിയെടുക്കേണ്ടത്. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights – CM PINARAYI VIJAYAN GOLD SMUGGLING
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here