സ്വര്‍ണക്കടത്ത്; മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു.
കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഫൈസലിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. ഇപ്പോള്‍ യുഎഇയില്‍ ഉള്ള ഫൈസല്‍ ഫരീദ് സ്വര്‍ണ കള്ളക്കടത്തില്‍ പ്രധാന കണ്ണികളിലൊരാളാണെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. യുഎഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാന്‍ സമ്മര്‍ദം ചെലുത്താനുമാണ് ഈ നടപടി. ഫൈസല്‍ ഫരീദിന് കൊച്ചി എന്‍ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇപ്പോള്‍ യുഎഇയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണസംഘം ശ്രമം തുടരുകയാണ്. ഇതിനായി ഇന്റര്‍പോളിനെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫരീദിനെ യുഎഇയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി ബ്ലൂ നോട്ടീസ് എന്‍ഐഎ പുറപ്പെടുവിക്കും. ഡിപ്ലോമാറ്റിക് ബാഗില് സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ഫൈസല്‍ ഫരീദാണ് വ്യാജരേഖകള്‍ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്. കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിന് ബന്ധമില്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ രാജ്യംവിട്ട യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിനോട് യുഎഇ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും അടക്കം ചോദ്യം ചെയ്തതിന് പിന്നാലെയാണ് യുഎഇ അറ്റാഷെ ഇന്ത്യ വിട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്ക് പോയത്.
Story Highlights – Gold smuggling; passport of Faisal Fareed was frozen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here