സ്വര്‍ണക്കടത്ത് കേസ്; പ്രതികളെ സംരക്ഷിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെ സംരക്ഷിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ യശസിനു തന്നെ കളങ്കം ഉണ്ടാക്കിയ സംഭവമാണിത്. സംസ്ഥാന ഭരണകൂടത്തിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും മറ്റ് അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന കേന്ദ്രമായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജനാധിപത്യ ഭരണക്രമത്തിന് അപമാനകരമായ കാര്യമാണിത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളുകളെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നത് വഴി അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയില്‍ എത്തിച്ചേരുകയാണ്. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിനിര്‍ത്തിയതുകൊണ്ട് എല്ലാം അവസാനിക്കുന്നുവെന്ന ധാരണ പൊതു സമൂഹത്തിനില്ല. എല്ലാ അവസാനിച്ചുവെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുഖ്യമന്ത്രിയും പറയുന്നതെങ്കില്‍ അത് ജനങ്ങള്‍ക്ക് അംഗീകരിക്കാവുന്ന കാര്യമല്ല.

അതുകൊണ്ടാണ് ആദ്യം മുതല്‍ പറയുന്നത് സിബിഐ അന്വേഷണം വേണമെന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ നടത്തിയ ഇടപാടുകള്‍ ചീഫ് സെക്രട്ടറിയോ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയോ അന്വേഷിച്ചതുകൊണ്ട് കാര്യമില്ല. സഹപ്രവര്‍ത്തകനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കും. സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിശ്വസ്തനായി പ്രവര്‍ത്തിയാളെ രക്ഷിക്കാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights Gold smuggling case, Ramesh Chennithala talk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top