കൊവിഡ്: കൊല്ലം ജില്ലയില്‍ 2,113 കിടക്കകള്‍ സജ്ജം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 2,113 കിടക്കകള്‍ സജ്ജീകരിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കളക്ടറേറ്റില്‍ കൊവിഡ് പ്രതിരോധം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.
വാളകം മേഴ്‌സി ആശുപത്രിക്ക് പുറമെ വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും അസീസിയ നഴ്‌സിംഗ് ഹോസ്റ്റലും, ഹോക്കി സ്റ്റേഡിയവും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളില്‍ ഓഡിറ്റോറിയം കണ്ടെത്തി കൊവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍, വൊളന്റിയര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കും. പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്രവ പരിശോധനാ ഫലം വരുന്നതുവരെ പുറത്തിറങ്ങരുത്.
കണ്ടെയ്ന്‍മെന്റ് സോണിലുള്ള പ്രായമായവരെ പ്രത്യേകം പരിഗണിക്കും. ഇവര്‍ക്ക് കൃത്യമായി ആഹാരം ഉറപ്പു വരുത്തണം. ഇതിനായി സമൂഹ അടുക്കളകള്‍ പുനരാരംഭിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന നിലയിലെത്തിച്ച് രോഗവ്യാപനം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കുന്നതിനായി ആശുപത്രി അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ജൂലൈ ഇരുപത്തിയൊന്നോടെ 10,000 കിടക്കകള്‍ സജ്ജീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 100 കിടക്കകളെങ്കിലും സജ്ജമാക്കണം. ബാങ്കുകള്‍ പോലെ വിവിധ സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി സാമൂഹിക അകലം പാലിക്കാന്‍ പൊലീസ് മേധാവികള്‍ക്കും ബാങ്ക് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
Story Highlights – 2113 beds are ready in Kollam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here