ഇന്ന് നെൽസൺ മണ്ടേല ദിനം

ഇന്ന് മുന്‍ ആഫ്രിക്കന്‍ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനം. മനുഷ്യാവകാശപ്പോരാട്ടങ്ങളുടെയും സ്വാതന്ത്ര്യസമരങ്ങളുടെയും എക്കാലത്തെയും വലിയ പ്രതീകമായാണ് നെൽസൺ മണ്ടേലയെ ലോകം നോക്കിക്കാണുന്നത്. 2013 ഡിസംബർ അഞ്ചിനാണ് ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റായ നെൽസൺ മണ്ടേല അന്തരിച്ചത്.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ദശകങ്ങളോളം തടവറയ്ക്കുള്ളിൽ കഴിയേണ്ടിവന്ന മറ്റൊരു നേതാവ് ലോകചരിത്രത്തിൽ വേറെയില്ല. അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗത്തിന് സ്വാതന്ത്ര്യത്തിന്റേതായ സ്വപ്നങ്ങൾ പകർന്ന് വിവേചനത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ അവർക്ക് ഊർജം നൽകി അദ്ദേഹം നടത്തിയ രാഷ്ട്രീയ ഇടപെടലുകളിൽ ആവേശം കൊള്ളാത്തവർ കുറവായിരിക്കും. എല്ലാ ദക്ഷിണാഫ്രിക്കക്കാർക്കും പൗരത്വം എന്ന ആവശ്യം ഉന്നയിച്ച് മണ്ടേല നടത്തിയ പോരാട്ടങ്ങൾക്ക് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം 27 വർഷത്തെ തടവറവാസമായിരുന്നു.
Read Also : എല്ലാവരും എൻ95 മാസ്‌ക് ധരിക്കണോ ? നാം ധരിക്കേണ്ടത് ഏത് തരം മാസ്‌ക് ആണ് ? [24 Explainer]
1994ൽ പൂർണമായി ജനാധിപത്യരീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ദക്ഷിണാഫ്രിക്കൻ ജനത തങ്ങളുടെ ആരാധ്യപുരുഷനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വംശജനായ പ്രസിഡന്റായി മണ്ടേല തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അത് ചരിത്രത്തിലെ കാവ്യനീതിയായി. 1994 മുതൽ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു മണ്ടേല. സാമ്രാജ്യത്വ ശക്തികളടക്കം ലോകരാജ്യങ്ങളെല്ലാം ഒരേമനസോടെ നെൽസൺ മണ്ടേല എന്ന വിപ്ലവനേതാവിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന അപൂർവകാഴ്ചയ്ക്കും നമ്മൾ സാക്ഷ്യം വഹിച്ചു.
1993ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം. 1990ൽ ഭാരതരത്‌ന. 250ലേറെ രാജ്യങ്ങളിൽ നിന്നുള്ള സിവിലിയൻ പുരസ്‌കാരങ്ങൾ… അപ്പോഴെല്ലാം മണ്ടേലയെ സ്വാധീനിച്ച ലോകനേതാവ് മഹാത്മാഗാന്ധിയായിരുന്നു. ലോങ് വോക് റ്റു ഫ്രീഡം എന്നാണ് ആത്മകഥയുടെ പേര്. ദക്ഷിണാഫ്രിക്കയിൽ വർണവെറിക്കെതിരെ പോരാടിയ കരുത്തയായ നേതാവ് വിന്നിയെ ജീവിതസഖിയായി ലഭിച്ചത് മണ്ടേലയുടെ വിപ്ലവവീര്യത്തിന് ഊർജം പകർന്നു.
‘ദാരിദ്ര്യവും അനീതിയും അസമത്വവും ലോകത്ത് നിലനിൽക്കുന്നിടത്തോളം കാലം നമുക്കാർക്കും യഥാർത്ഥ വിശ്രമം ലഭിക്കില്ല ‘ എന്ന മണ്ടേലയുടെ വാക്കുകൾ പുരോഗമനാഭിമുഖ്യമുള്ള ലോകജനതയുടെ ആപ്തവാക്യമാണ്. ലോകത്താകെയുള്ള മനുഷ്യാവകാശ പ്രവർത്തകർക്ക് ആവേശവും പ്രചോദനവുമായ നെൽസൺ മണ്ടേലയുടെ 102-ാം പിറന്നാളാണിന്ന്. കഴിഞ്ഞ പത്ത് വർഷമായി ഐക്യരാഷ്ട്രസഭ ഈ ദിനം മണ്ടേലാ ദിനമായി വിപുലമായ പരിപാടികളോടെ ആചരിക്കുന്നുണ്ട്.
Story Highlights – nelson mandela day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here