മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുടെ മാസ്ക് ധാരണരീതിക്ക് വിമർശനം; ഡോക്ടറുടെ കുറിപ്പ്

കൊവിഡ് കാലത്ത് രോഗ പ്രതിരോധത്തിനായി പലതരം ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാസ്ക്കാണ്. മാസ്ക് ധരിക്കുന്നതിനും ശരിയായ രീതിയുണ്ട്. എന്നാൽ രാഷ്ട്രീയ നേതാക്കൾ പത്ര സമ്മേളനത്തിൽ മാസ്ക് ഉപയോഗിക്കുന്ന രീതിയെ വിമർശിച്ച് ഡോക്ടർ നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് പ്രാധാന്യം അർഹിക്കുന്നു. സർക്കാർ കൊവിഡ് പ്രതിരോധ ക്യാമ്പെയിനിലെ പറച്ചിലിന്റെയും നേതാക്കളുടെ പ്രവർത്തിയുടെയും വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം. മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഡോക്ടർ വിശദീകരിക്കുന്നുണ്ട്.
Read Also : സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല
കുറിപ്പ് വായിക്കാം,
ഇടതുവശത്ത് കാണുന്നത് സർക്കാർ തന്നെ ജനങ്ങളെ ബോധവൽക്കരിക്കാൻ വേണ്ടി നടത്തുന്ന ബ്രേക്ക് ദി ചെയിൻ കാമ്പെയിന്റെ ഭാഗമായി ഉള്ള പോസ്റ്ററാണ്.
വലതുവശത്ത് കാണുന്നത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും പത്രസമ്മേളനങ്ങളിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളാണ്.
മാസ്ക് ധരിക്കുമ്പൊ മൂക്കും വായും മുഴുവനായും മൂടുന്ന തരത്തിലാവണം. ഇടയ്ക്കിടയ്ക്ക് അത് താടിയിലേക്കോ കഴുത്തിലേക്കോ താഴ്ത്തി വയ്ക്കാൻ പാടുള്ളതല്ല.
മാത്രമല്ല, ഉപയോഗത്തിലിരിക്കുന്ന മാസ്കിന്റെ മുൻ വശത്ത് സ്പർശിക്കരുത്. അഥവാ അബദ്ധത്തിൽ സ്പർശിക്കാനിടയായാൽ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
മാസ്ക് അഴിക്കുമ്പോൾ പോലും അതിന്റെ വള്ളിയിൽ പിടിച്ച് മുൻ വശത്ത് സ്പർശിക്കാതെ വേണം അഴിച്ച് മാറ്റുവാൻ.
ബോധവൽക്കരണത്തിനായി ഉപയോഗിക്കുന്ന ആ പോസ്റ്ററിന് ഉള്ളതിൽ എത്രയോ മടങ്ങാണ് ഇവരുടെ പത്രസമ്മേളനങ്ങൾക്കുള്ള റീച്ച് എന്ന് ഞാൻ പറയാതെതന്നെ എല്ലാവർക്കും അറിവുള്ളതാണ്.
സംസാരിക്കുമ്പോൾ മാസ്ക് താഴേക്ക് താഴ്ത്തിവച്ച് സംസാരിക്കണം എന്നൊരു തെറ്റായ ധാരണ പൊതുജനത്തിനുണ്ട്.
വൈകുന്നേരങ്ങളിൽ വാർത്താ സമ്മേളനസമയത്ത് സ്ഥിരമായി മാസ്ക് മുൻ വശത്ത് പിടിച്ച് താഴ്ത്തി വയ്ക്കുന്ന മുഖ്യമന്ത്രി ചെയ്യുന്നത് ആ തെറ്റായ ധാരണ ഊട്ടിയുറപ്പിക്കുകയാണ്.
ശരിയായി മാസ്ക് ധരിച്ച് സംസാരിക്കുന്ന രാഷ്ട്രീയക്കാരുമുണ്ട്. ആരോഗ്യമന്ത്രി അടക്കം.
വളരെ അനായാസം ചെയ്യാൻ കഴിയുന്ന വളരെ വലിയൊരു ബോധവത്ക്കരണമാണ് ശരിയായി മാസ്ക് ധരിച്ച് കാണിക്കുക എന്നത്.
അത് ഇന്നല്ലെങ്കിൽ നാളെ ചെയ്യുമെന്ന് തന്നെ കരുതുന്നു. ചെയ്യണമെന്ന് അഭിപ്രായമുള്ളവർക്ക് ഷെയറോ കോപ്പിയോ എന്ത് വേണമെങ്കിലും ചെയ്യാം…കടപ്പാട് ആവശ്യമില്ല.
(ജനങ്ങളുടെ പിന്തുണ ആവശ്യമുള്ളവരാണ് രാഷ്ട്രീയനേതാക്കൾ എന്നാണു ഞാൻ കരുതുന്നത്.
ഒരു വലിയ വിഭാഗം ജനങ്ങൾ ആവശ്യപ്പെടുന്നുവെന്ന് വന്നാൽ അവർ ചെയ്യാതെയിരിക്കുകയില്ല)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here