സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തത്വത്തിൽ നിന്ന് ഒഴിയാനാകില്ല. ഉപ്പു തിന്നവർ എല്ലാം വെള്ളം കുടിക്കണം.
സ്വന്തം ഓഫീസ് പോലും നേരേ ചൊവ്വേ നടത്താൻ സാധിക്കാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷമായി ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഐടി ഫെല്ലോ ആയിരുന്ന അരുൺ ബാലചന്ദ്രൻ രണ്ട് വർഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. ഒന്നും അറിയില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also : സ്വർണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിനെ യുഎഇ നാടുകടത്തും
കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. മുഖ്യമന്ത്രി നല്ല ഭരണാധികാരിയെന്ന പ്രചാരണമാണ് കഴിഞ്ഞ കുറച്ചു നാളായി നടക്കുന്നത്. ഇതാണോ നല്ല ഭരണം? മാധ്യമങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. അങ്ങനെ നഷ്ടപ്പെടാൻ ഈ സർക്കാരിന് പ്രതിച്ഛായ ഇല്ല. പിആർ ഏജൻസികൾ മാധ്യമത്തിൽ എഴുതിയാൽ പ്രതിച്ഛായ ഉണ്ടാകില്ല. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി രാജാണ്. ഈ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ കുറിച്ച് പരിശോധിച്ചാൽ അഴിമതി പുറത്താകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Story Highlights – Ramesh chennithala, Gold smuggling case, Pinarayi vijayan, M Shivashankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here