വെസ്റ്റ് ഇൻഡീസ് 287നു പുറത്ത്; ഇംഗ്ലണ്ടിനും ബാറ്റിംഗ് തകർച്ച

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 287 റൺസിനു പുറത്ത്. 75 റൺസെടുത്ത ഓപ്പണർ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഷമാർ ബ്രൂക്സ് (68), റോസ്റ്റൺ ചേസ് (51) എന്നിവരും വിൻഡീസിനായി മികച്ച സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡും ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Read Also : 8 വിക്കറ്റുകൾ നഷ്ടം; ഇംഗ്ലണ്ടിനെതിരെ വിൻഡീസ് പൊരുതുന്നു
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലായിരുന്നു. മൂന്നാം ദിനം മഴ മൂലം കളി നടന്നില്ല. നാലാം ദിനത്തിൽ നൈറ്റ് വാച്ച്‌മാൻ അൽസാരി ജോസഫിനെയാണ് (32) വിൻഡീസിന് ആദ്യ നഷ്ടമായത്. 32 റൺസെടുത്ത ജോസഫിനെ ഡോം ബെസ്സിൻ്റെ പന്തിൽ ഒലി പോപ്പ് പിടികൂടി. ഷായ് ഹോപ്പ് (25) സാം കറൻ്റെ പന്തിൽ ജോസ് ബട്‌ലറുടെ കൈകളിൽ വിശ്രമിച്ചു. ക്രൈഗ് ബ്രാത്‌വെയ്റ്റിനെ (75) സ്വന്തം ബൗളിംഗിൽ ബെൻ സ്റ്റോക്സ് പിടികൂടി. ഷമാർ ബ്രൂക്സ് (68), ജെർമൈൻ ബ്ലാക്ക്‌വുഡ് (0), ഷെയിൻ ഡൗറിച്ച് (0) എന്നിവർ സ്റ്റുവർട്ട് ബ്രോഡിനു മുന്നിൽ വീണു. ബ്രൂക്സും ഡൗറിച്ചും വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ ബ്രൂക്സ് ക്ലീൻ ബൗൾഡാവവുകയായിരുന്നു. പിന്നാലെ ജേസൻ ഹോൾഡറിനെ (2) ക്രിസ് വോക്സിൻ്റെ പന്തിൽ ജോ റൂട്ട് പിടികൂടി. റോസ്റ്റൺ ചേസ് (51), വിക്കറ്റിനു മുന്നിൽ കുരുങ്ങിയപ്പോൾ ഷാനോൺ ഗബ്രിയേൽ ക്ലീൻ ബൗൾഡായി. രണ്ട് വിക്കറ്റുകളും ക്രിസ് വോക്സിനായിരുന്നു.
Read Also : സ്റ്റോക്സിനും സിബ്‌ലിക്കും അർദ്ധസെഞ്ചുറി; ഇംഗ്ലണ്ട് നിലയുറപ്പിക്കുന്നു
182 റൺസും ഒരു ദിവസവും ബാക്കി നിൽക്കെ വേഗം സ്കോർ ചെയ്യാനായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആതിഥേയർക്കായി ജോസ് ബട്‌ലറും ബെൻ സ്റ്റോക്സും ഓപ്പൺ ചെയ്തെങ്കിലും ആദ്യ ഓവറിൽ തന്നെ കെമാർ റോച്ച് ബട്‌ലറിൻ്റെ (0) സ്റ്റമ്പ് പിഴുതു. സാക്ക് ക്രോളിയും (11) റോച്ചിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 എന്ന നിലയിലാണ്. ബെൻ സ്റ്റോക്സ് (16), ജോ റൂട്ട് (8) എന്നിവരാണ് ക്രീസിൽ. ഇപ്പോൾ ഇംഗ്ലണ്ടിന് 219 റൺസ് ലീഡുണ്ട്. നാളെ വേഗത്തിൽ സ്കോർ ചെയ്ത് ആദ്യ സെഷനിൽ തന്നെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയാവും ആതിഥേയരുടെ ലക്ഷ്യം.
Story Highlights – England vs west indies second innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here