കൊവിഡ് പശ്ചാത്തലത്തിൽ കർക്കിട വാവുബലി ചടങ്ങുകൾ വീടുകളിൽ നടത്തി വിശ്വാസികൾ

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ കർക്കിട വാവുബലി ചടങ്ങുകൾ വീടുകളിൽ നടത്തി വിശ്വാസികൾ. പിതൃക്കളുടെ പ്രീതിക്കായി ആചാരപൂർവമാണ് പതിനായിരങ്ങൾ വീടുകളിൽ ബലിതർപ്പണം നടത്തിയത്. സൂം ആപ്പ് വഴിയും ഓൺലൈനായും ജനങ്ങൾ ബലിതർപ്പണം നടത്തി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രത്തിൽ ആദ്യമായി ക്ഷേത്രങ്ങളിലുള്ള ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. മാത്രമല്ല, ആളുകൾ കൂടുന്നതും സ്നാനഘട്ടങ്ങളിൽ ബലിയിടുന്നതും നിരോധിക്കുകയും ചെയ്തിരുന്നു. ഇതോടെ കർക്കിട വാവിനു ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തിയിരുന്ന സ്ഥലങ്ങളെല്ലാം വിജനമായി. തിരുവനന്തപുരത്തെ തിരുവല്ലം ക്ഷേത്രം, ശംഖുമുഖം, വർക്കല പാപനാശനം, ആലുവാ മണപ്പുറം, കൊല്ലം തിരുമുല്ലവാരം, തിരുനാവായ നാവാമുകുന്ദക്ഷേത്രം എന്നിവിടങ്ങളെല്ലാം വിജനമായിരുന്നു. ആചാര അനുഷ്ഠാനങ്ങളോടെയാണ് വീടുകളിൽ ബലിതർപ്പണം നടന്നത്. തിരുവല്ലം പരശുരാമക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്കായി കൂട്ടനമസ്‌കാരവും തിലകം നടത്തി.
സൂം ആപ്പ് വഴിയും ബലിതർപ്പണ ചടങ്ങുകൾ നടന്നു. സൂം ആപ്പിലൂടെ പുരോഹിതന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു ഇത്. കർക്കിടക അമാവാസിയിൽ മൺമറഞ്ഞവരുടെ ആത്മാക്കൾക്ക് ശാന്തിനേരാനുള്ള ചടങ്ങുകൾ അസൗകര്യങ്ങൾക്കിടയിലും നടത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വിശ്വാസികൾ.
Story Highlights -karkidaka vavu bali, at home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here