പ്രതിദിന കൊവിഡ് കേസുകൾ 40,000 കടന്നു; രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

രാജ്യത്ത് 11 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 172-ാം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷം കടന്നിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്. കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷം കടന്നത് വെള്ളിയാഴ്ചയാണ്. 1.40 കോടിയാണ് സാമ്പിൾ പരിശോധനകൾ. ആകെ 1,40,47,908 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 256,039 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ പറയുന്നു. എന്നാൽ ശനിയാഴ്ച പരിശോധിച്ച സാമ്പിളുകളുടെ കണക്കുകൾ അപേക്ഷിച്ച് പരിശോധനയുടെ എണ്ണത്തിൽ 1,02,088 ന്റെ കുറവുണ്ട്.
700,086 പേർ കൊറോണ വൈറസ് ബാധയിൽ നിന്ന് രോഗമുക്തി നേടി. 3,90,459 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന കേസുകളിൽ വലിയ കുതിച്ചുകയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന കേസുകൾ 40,000 കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 40,425 പോസിറ്റീവ് കേസുകളും 681 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 22,664 പേർ രോഗമുക്തരായി.
മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 25,936 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 62.61 ശതമാനമായി കുറഞ്ഞു.
Story Highlights – india covid cases crossed 40000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here