അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യം ജപ്പാനിൽ നിന്ന് വിക്ഷേപിച്ചു

അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യമായി യുഎഇയുടെ ചൊവ്വാ പേടകം അൽ അമൽ ജപ്പാനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 1.58ന് ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററിൽ നിന്നും അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെയാണ് വിക്ഷേപണം നടന്നത്.
ജപ്പാനിലെ മോശം കാലാവസ്ഥയെത്തുടർന്ന് രണ്ട് തവണ മാറ്റിവെച്ച ചരിത്ര ദൗത്യമാണ് ഇന്ന് പുലർച്ചെ നടന്നത്. വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം ലോഞ്ച് വെഹിക്കിളിൽ നിന്നും ഹോപ്പ് പ്രോബ് വിജയകരമായി വേർപ്പെടുത്തിയതായി ലോഞ്ച് ഓപ്പറേറ്റർ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് ലോഞ്ച് സർവീസസ് സ്ഥിരീകരിച്ചു. മിനിറ്റുകൾക്കുള്ളിൽ പ്രോബ് ടെലികോം സംവിധാനം സജ്ജമായി. ആദ്യ സിഗ്നൽ ദുബായ് അൽ ഖവനീജിലെ മിഷൻ കൺട്രോൾ റൂമിന് കൈമാറുകയും ചെയ്തു. 1.3 ടൺ ഭാരമാണ് ഹോപ്പ് പ്രോബിനുള്ളത്. എച്ച്- ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 73.5 കോടി ദിർഹത്തിന്റേതാണ് പദ്ധതി. വിക്ഷേപണത്തിന് പിറകിൽ പ്രവർത്തിച്ച ഇമറാത്തികളിൽ 34 ശതമാനവും സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയം. 150 ഇമറാത്തി എഞ്ചിനീയർമാരും അമേരിക്കയിലെ 200-ഓളം എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ദൗത്യത്തിന് പിറകിലുണ്ട്.
ജൂലായ് 15-നാണ് കുതിപ്പിന് തീരുമാനിച്ചിരുന്ന ആദ്യതീയതി. എന്നാൽ അത് 17-ലേക്ക് മാറ്റിവെച്ചു. പിന്നീട് അതും മാറ്റിവെയ്ക്കുകയായിരുന്നു. ആദ്യ ഇമറാത്തി നിർമിത ഉപഗ്രഹമായ ഖലീഫാസാറ്റ് 2018-ൽ വിജയകരമായി ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ച അതേ സ്ഥലത്താണ് അൽ അമൽ വിക്ഷേപണവും നടന്നത്.
Story Highlights -UAE first globel space, launches in japan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here