പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി

പോത്തീസിൽ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഐരാണിമുട്ടത്തെ കൊവിഡ് കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്.
ഇന്നലെയാണ് രണ്ട് പോത്തീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 20 മണിക്കൂർ പിന്നിട്ടിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്ന ട്വന്റിഫോർ വാർത്തയെത്തുടർന്നാണ് നടപടി. ഇന്ന് രാവിലെയാണ് ട്വന്റിഫോർ ഹെൽപ് ഡസ്‌കിലേക്ക് രോഗികൾ സഹായം അഭ്യർത്ഥിച്ച് വിളിക്കുന്നത്. തുടർന്ന് പോത്തീസിലെ റൂഫ്‌ടോപ്പിൽ കൊവിഡ് രോഗികൾ കുടുങ്ങി കിടക്കുന്നുവെന്ന വാർത്ത ട്വന്റിഫോർ പുറത്തുവിട്ടു.
ഇന്നലെ ഉച്ചയ്ക്കാണ് പോത്തീസിലെ രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിൽ അടച്ചിട്ട വ്യാപാര സ്ഥാപനത്തിന്റെ റൂഫ് ടോപ്പിൽ ഇവർ തള്ളി നീക്കിയത് 24 മണിക്കൂറാണ്. ഇവിടെ പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ലെന്ന് രോഗികൾ പറയുന്നു. എന്നാൽ ഭക്ഷണവും വെള്ളവുമെല്ലാം മാനേജ്‌മെന്റ് എത്തിച്ചുവെന്ന് രോഗികൾ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ്; രോഗികൾ ആംബുലൻസിനായി റൂഫ് ടോപ്പിൽ കാത്തിരുന്നിട്ട് 24 മണിക്കൂർ
ഇന്ന് രാവിലെയും രോഗികൾ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. ഉടൻ എത്തുമെന്നാണ് അധികൃതർ അറിയിച്ചത്. കൊറോണ സെല്ലിൽ നിന്നും ഇവരെ കാര്യങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഇതുവരെ ആംബുലൻസ് വന്നിട്ടില്ലെന്നും രോഗികൾ ട്വന്റിഫോറിനോട് പറഞ്ഞു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ ആരോഗ്യ പ്രവർത്തകർ പോത്തീസിലെത്തി രോഗികളെ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights – covid, pothys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here