‘അറബിക്കടലിന്റെ മുത്ത്’ എന്നാണ് കേരളത്തിലെ ഈ സ്ഥലം അറിയപ്പെടുന്നത്

അറബി കടലിന്റെ റാണി എന്നാൽ കൊച്ചിയാണെന്ന് അറിയാത്തവരുണ്ടാവില്ല. എങ്കിൽ ‘അറബിക്കടലിന്റെ മുത്ത്’ എന്നറിയപ്പെടുന്ന സ്ഥലം ഏതെന്ന് അറിയുമോ? സംശയിക്കണ്ട അതും നമ്മുടെ കേരളത്തിൽ തന്നെയാണ്. തിരുവനന്തപുരം ജില്ലയിലെ വർക്കല കടൽ തീരത്തിനാണ് ഈ വിശേഷണമുള്ളത്.
തിരുവനന്തപുരം ജില്ലയുടെ വടക്കായി 37 കിലോമീറ്റർ അകലെയാണ് അതി മനോഹരമായ വർക്കല ബീച്ചുള്ളത്. കിഴുക്കാംതൂക്കായി മലഞ്ചെരിവിനോട് (ക്ലിഫ്) ചേർന്നുള്ള ഈ കടൽത്തീരമാണ്, വർക്കലയ്ക്ക് ഈ പേരി നേടിക്കൊടുത്തത്. 2019 ൽ ലോകത്തിലെ ഏറ്റവും അതിശയകരമായ രണ്ടാമത്തെ ക്ലിഫ് ബീച്ചായി വർക്കല ബീച്ചിനെ(Varkala Cliff Beach) തിരഞ്ഞെടുത്തിരുന്നു.
പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും തീർത്ഥാടനത്തിനും ഭൗമ ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കും മികച്ച ഒരിടമാണ് വർക്കല. 2000 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ജനാർദ്ദന സ്വാമി ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഒരു പ്രധാന വൈഷ്ണവ ആരാധനാലയത്തിൽ ഒന്നാണ് ജനാർദ്ദന സ്വാമി ക്ഷേത്രം. ക്ഷേത്രത്തിനോട് ചേർന്നുള്ള കടൽത്തീരത്ത് പിതൃകർമ്മങ്ങൾ ചെയ്യുന്നതിന് പേരുകേട്ടതിനാൽ ദക്ഷിണ കാശിയെന്നും വർക്കലയ്ക്ക ഒരു പേരുണ്ട്. കേരളത്തിലെ നവോത്ഥാന നായകൻ ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠവും അദ്ദേഹത്തിന്റെ ശവകുടീരവും വർക്കലയിലാണ് സ്ഥിതി ചെയ്യുന്നതെന്നും പ്രദേശത്തിന്റെ സാമൂഹ്യ ചരിത്രത്തിലെ പ്രാധാന്യത്തെ എടുത്തു കാട്ടുന്നു.
ഇതിലുപരി, അറബിക്കടലിനോട് ചേർന്ന് പാറക്കൂട്ടങ്ങൾ /കുന്നുകൾ (ക്ലിഫുകൾ) കാണപ്പെടുന്ന തെക്കൻ കേരളത്തിലെ ഒരേയൊരു സ്ഥലമാണ് വർക്കല. പരന്നുകിടക്കുന്ന (സമതല സ്വഭാവമുള്ള) കേരള തീരത്തെ സവിശേഷമായ ഒരു ഭൗമശാസ്ത്ര സവിശേഷതയുള്ളതിനാൽ ജിയോളജിസ്റ്റുകൾ ഇതിനെ വർക്കല രൂപീകരണം എന്നാണ് വിളിക്കുന്നത്.
Story Highlights -‘Pearl of the Arabian Sea’, varkkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here