കൊല്ലത്ത് 44 പഞ്ചായത്തുകളും ഒരു നഗരസഭയും പൂർണ്ണമായും അടച്ചു

കൊല്ലത്ത് കൊവിഡ് പടർന്നു പിടിക്കുമ്പോൾ ജില്ലയുടെ ഗ്രാമീണ മേഖലയിൽ സ്ഥിതി രൂക്ഷം. 44 പഞ്ചായത്തുകളും ഒരു നഗരസഭയും പൂർണ്ണമായും മൂന്നു നഗരസഭകൾ ഭാഗികമായും അടച്ചിട്ടു. രോഗപ്രതിരോധത്തിനായി ധാരാവി മോഡൽ പരീക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
വെട്ടിക്കവല പഞ്ചായത്തിൽ മാത്രം ഇന്നലെ കൊവിഡ് ബാധ ഉണ്ടായത് 38 പേർക്കാണ്. പഞ്ചായത്തിൽ ആറു ദിവസത്തിനിടെ മാത്രം 98 പേർക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ മുൻ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. പരിശോധനാഫലം വൈകുന്നത് മൂലം കൂടുതൽ പേരുമായി രോഗികൾ സമ്പർക്കത്തിൽ ഏർപ്പെടുന്നതും ആശങ്കയാണ്.
രോഗബാധ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇട്ടിവാ, നെടുവത്തൂർ , കൊറ്റങ്കര എന്നീ ഗ്രാമപഞ്ചായത്തുകൾ കൂടി പൂർണമായും കണ്ടയ്ൻമെൻറ് സോണാക്കി. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ 11 ഡിവിഷനുകളിൽ കൂടി പുതുതായി നിയന്ത്രണമേർപ്പെടുത്തി. ജില്ലയിലെ 48 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങളുണ്ട്. ഇതിൽ ആലപ്പാട്,ഇളമാട് ,ചിതറ ചടയമംഗലം, വെട്ടിക്കവല വെളിനല്ലൂർ എന്നീ ഗ്രാമ പഞ്ചായത്തുകളും കൊട്ടാരക്കര നഗരസഭയിലെ മുസ്ലിം സ്ട്രീറ്റും ക്രിട്ടിക്കൽ കണ്ടൈന്റ്‌മെൻറ് സോണാണ്.
രോഗപ്രതിരോധത്തിനായി 15 കുടുംബങ്ങൾ വീതം ഒറ്റ യൂണിറ്റ് ആക്കിമാറ്റി ധാരാവി മോഡൽ പ്രതിരോധത്തിനാണ് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്. 33 പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലായി 4850 കിടക്കകൾ കൂടി തയ്യാറാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
Story Highlights – kollam, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here