ദില്‍ ബേച്ചാര; ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമ
-/ ബാസിത്ത് ബിന്‍ ബുഷ്‌റ
കിസി ബാസുവും ഇമ്മാനുവല്‍ രാജ്കുമാര്‍ ജൂനിയര്‍ അഥവാ മാനിയും അര്‍ബുദ രോഗികളാണ്. ജീവിതത്തിന്റെ ഒരു പ്രത്യേക പോയിന്റില്‍ വച്ച് ഇരുവരും കണ്ടുമുട്ടുന്നു. ശേഷം, ഇരുവരും ജീവിതം കരുപ്പിടിപ്പിക്കുന്നതിന്റെ കഥ പറയുന്ന മനോഹരമായ ഒരു പ്രണയകാവ്യമാണ് ദില്‍ ബേച്ചാര. സുശാന്ത് സിംഗ് രജ്പുതെന്ന ടാലന്റഡ് ആക്ടറിന്റെ അവസാന ചിത്രമെന്ന നിലയില്‍ ഒരുപാട് മൈലേജ് ലഭിച്ച ചിത്രം എന്നതിനുപരി, കൈകാര്യം ചെയ്ത വിഷയത്തോടും സിനിമാറ്റിക് ട്രീറ്റ്‌മെന്റിനോടും നൂറു ശതമാനം നീതി പുലര്‍ത്തിയ ചിത്രമെന്ന നിലയിലാവണം ദില്‍ ബേച്ചാര അറിയപ്പെടേണ്ടത്.
കിസിയും മാനിയും വിപരീത ധ്രുവങ്ങളില്‍ ജീവിക്കുന്ന ആളുകളാണ്. എന്നിട്ടും അവര്‍ തമ്മില്‍ അടുക്കുകയും പ്രണയബദ്ധരാവുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ കിസിയാണ് രോഗി. എപ്പോഴും കൂടെയുള്ള ശ്വസനസഹായി പുഷ്പിന്ദര്‍ അവളെ അങ്ങനെയാണ് പോര്‍ട്രേ ചെയ്തിരിക്കുന്നത്. മാനിയുടെ രോഗമെന്തെന്ന് പ്രേക്ഷകരും മാനിയും അറിയുന്നത് തന്റെ പാന്റ് പൊക്കി കൃത്രിമക്കാല്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമാണ്. അതുവരെ മാനി അസുഖമൊന്നുമില്ലാത്ത ഒരാളാണെന്ന തെറ്റിദ്ധാരണയിലാണ് പ്രേക്ഷകര്‍ കഴിയുന്നത്. ആ പ്രദര്‍ശനത്തിനു ശേഷവും മാനി വളരെ ആക്ടീവായ, പ്രത്യക്ഷത്തില്‍ ക്യാന്‍സര്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഒരാള്‍ തന്നെയാണ്. ജീവിതം വലരെ നോര്‍മലാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന നിരവധി സ്റ്റേജുകള്‍ കടക്കുമ്പോഴും കിസി തന്നെയായിരുന്നു ‘രോഗി’. അതിനു മാറ്റം വരുന്ന പോയിന്റിലാണ് കാഴ്ചക്കാര്‍ ഞെട്ടുന്നത്. അത്ര തീവ്രമായ പ്രണയത്തിന്റെ ഗതിയെന്താവുമെന്ന് ഹൃദയം നീറി ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടെ തന്നെയാണ് സിനിമ അവസാനിക്കുന്നതും.
ജീവിക്കണമെന്ന് പലതവണ കാഴ്ചക്കാരോടും കിസിയോടും നിര്‍ബന്ധം പിടിക്കുന്ന മാനിയില്‍ നിന്ന് സുശാന്ത് എന്താണ് പഠിച്ചതെന്ന ചോദ്യമൊക്കെ സിനിമ കാണുന്നതിനിടയില്‍ പലതവണ പൊന്തിവന്നു. അടുത്ത ചുവടില്‍ മരണം വെല്ലുവിളിയായി നില്‍ക്കുമ്പോഴും ഡാന്‍സ് കളിക്കുകയും സിനിമ പിടിക്കുകയും പാരീസില്‍ പോവുകയും പ്രണയിക്കുകയും ചെയ്യുന്ന കിസിയും മാനിയും പിന്നെ ജെപിയും ചേരുന്ന സംഘം ജീവിതത്തെ എങ്ങനെ ട്രീറ്റ് ചെയ്യണമെന്ന് ഓര്‍മിപ്പിക്കുകയാണ്. ഒരു തവണയെങ്കിലും എനിക്ക് മാത്രമായി ഒറ്റക്ക് എനിക്കെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ രജനി സിനിമ കാണാന്‍ തീയറ്ററിലെത്തിയതാണെന്നു പറഞ്ഞ് വേദനയോടെ പുളയുന്ന, നിസ്സഹായതയോടെ കിസിയ്ക്ക് മുന്‍പില്‍ തകര്‍ന്ന് വീഴുന്ന മാനി അവിടെയാണ് ആദ്യമായി ദുര്‍ബലനാവുന്നത്. അവിടെയാണ് കാഴ്ചക്കാരും മാനിയുടെ വേദനകള്‍ അറിയാന്‍ തുടങ്ങുന്നത്. അതുവരെ പകര്‍ന്നു നല്‍കിക്കൊണ്ടിരുന്ന ചിരിയും ഇന്റന്‍സായ പ്രണയവും സന്തോഷവുമൊക്കെ ആ പോയിന്റില്‍ ഒരു ചോദ്യ ചിഹ്നമാവുകയാണ്.
ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് കാണിച്ചു തന്ന പ്രമേയത്തെ മാത്രം കടമെടുക്കുകയും കഥയെ ഇന്ത്യയിലേക്ക് വളരെ വിദഗ്ധമായി പറിച്ചു നടുകയും ചെയ്ത ശശാങ്ക് ഖൈതാനും സുര്‍പോടിം സെന്‍ഗുപ്തയും തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. അവരുടെ തിരക്കഥയെ അതിലും ഗംഭീരമായി സിനിമയാക്കിയ മുകേഷ് ഛബ്രയും കയ്യടി അര്‍ഹിക്കുന്നുണ്ട്. ആര്‍ട്ട്, ക്യാമറ, കട്ട്, എആര്‍ റഹ്മാന്റെ സംഗീതം എന്നിവയൊക്കെ ദില്‍ ബേച്ചാരയെ ഒരു ഗംഭീര സിനിമാസ്വാദനം ആക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഓരോ സീനിലും ഓരോ ചലനങ്ങളിലും മാനിയുടെ മാനറിസങ്ങള്‍ പിഴവുകളില്ലാതെ അവതരിപ്പിച്ച സുശാന്ത് താന്‍ എത്ര മികച്ച നടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയും ഇനിയൊരിക്കലും അദ്ദേഹത്തെ സ്‌ക്രീനില്‍ കാണാനാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിതുമ്പുകയും ചെയ്യുന്നു. സഞ്ജന സംഗിയും സ്വസ്തിക മുഖര്‍ജിയും അടക്കമുള്ള എല്ലാ അഭിനേതാക്കളും തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന റോളുകള്‍ വളരെ ഗംഭീരമായിത്തന്നെ അവതരിപ്പിച്ചു.
ജീവിക്കാന്‍ ഇത്രയേറെ കാരണങ്ങള്‍ നിരത്തുകയും ജീവിക്കാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രത്തില്‍ നിന്നാണ് സുശാന്ത് സ്വന്തം ജീവിതം അവസാനിപ്പിച്ചതെന്ന ഞെട്ടലും വിഷമവും കൊണ്ടല്ലാതെ സിനിമ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഹൃദയം നീറുന്ന വേദനയോടെ സുശാന്തിനു നല്‍കുന്ന ഒരു ട്രിബ്യൂട്ട് ആയി ഈ സിനിമ നിലനില്‍ക്കുകയും ചെയ്യും.
Story Highlights – dil bechara; A film that makes you want to live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here