മാസ്‌ക് ഉപേക്ഷിക്കാൻ ലോക ആരോഗ്യ സംഘടന ആഹ്വാനം ചെയ്തുവെന്ന് വ്യാജപ്രചാരണം [24 fact check]

/- അഞ്ജന രഞ്ജിത്ത്
കൊവിഡ് പ്രതിരോധത്തിന് മാസ്‌കിന്റെ ഉപയോഗം പ്രധാനമാണെന്ന് നമുക്കെല്ലാം അറിയാം. കൊവിഡ് വ്യാപനം വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളാ സർക്കാർ വീട്ടിൽ പോലും മാസ്‌ക് ധരിക്കണമെന്ന് നിഷ്‌കർഷിച്ചിരിക്കുകയാണ്. ഈ സമയത്താണ് മാസ്‌ക് ഉപേക്ഷിച്ച് ജനങ്ങൾക്ക് പഴയ ജീവിതത്തിലേക്ക് മടങ്ങാം എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ലുഎച്ച്ഒ) പറഞ്ഞതായൊരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഈ സന്ദേശം വ്യാജമാണ്.
കൊവിഡ് പ്രതിരോധത്തിലെ ഏറ്റവും അവിഭാജ്യ ഘടകമായ മാസ്‌കും സാമൂഹിക അകലവും ഇനി വേണ്ടെന്ന് ഡബ്യുഎച്ച്ഒ അറിയിച്ചതായാണ് പ്രചാരണം. ലോകാരോഗ്യസംഘടനയിലെ കൊവിഡ് ടെക്ക്‌നിക്കൽ ലീഡായ ഡോ.മരിയ വാൻ കെർകോവിന്റെ വീഡിയോ സഹിതമാണ് ഇതിനെ സാധൂകരിക്കും വിധം പ്രചരിക്കുന്നത്.
ഇനി മുതൽ ലോകം സ്വീഡിഷ് മോഡൽ പിൻതുടരണമെന്നും ലോക്ക് ഡൗണിൽ നിന്ന് പൂർണമായും മുക്തി നേടുമെന്നുമാണ് പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്.
എന്നാൽ സത്യം ലോകാരോഗ്യ സംഘടന മാസ്‌ക് വേണ്ടെന്നോ, സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ലെന്നോ എവിടേയും പറഞ്ഞിട്ടില്ല എന്നതാണാണ്. ഒരു കാരണവശാലും മാസ്‌ക് ഉപയോഗിക്കുന്ന ശീലം ജനങ്ങൾ ഉപേക്ഷിക്കരുതെന്നാണ് ഡബ്ലുഎച്ച്ഒ ഊന്നിപ്പറഞ്ഞത്.
കഴിഞ്ഞ മാസം അഞ്ചിന് ലോകാരോഗ്യ സംഘടന നടത്തിയ വാർത്താസമ്മേളനത്തിൽ മാസ്‌ക് ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ഡോ.മരിയ വാൻ കെർക്കോവ് വിശദീകരിച്ചത്. പൊതുഇടങ്ങളിൽ ജനങ്ങൾ മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം കർശനമായി പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് സർക്കാരുകൾ ഉറപ്പുവരുത്തണമെന്നാണ് ഡബ്യുഎച്ച്ഒ നിർദേശം. മെഡിക്കൽ മാസ്‌ക് ഇല്ലെങ്കിലും തുണി ഉപയോഗിച്ചുള്ള മാസ്‌കുകളും ഉപയോഗിക്കാമെന്ന് ഡബ്യുഎച്ച്ഒ നിർദേശം നൽകി.
ഇതിന്റെ പ്രാധാന്യത്തെപ്പറ്റി ഡബ്യുഎച്ച്ഒ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും നിരവധി സന്ദേശങ്ങളും നൽകുന്നുണ്ട്. അത്തരത്തിൽ ഡബ്യുഎച്ച്ഒ ഏറ്റവും അവസാനം പോസ്റ്റ് ചെയ്തത് ഒരു ട്വീറ്റാണ്. ഈ മാസം 16ന് പോസ്റ്റ് ചെയ്ത ട്വീറ്റിലും മാസ്‌കിന്റെയും സാമൂഹിക അകലത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്.
Story Highlights – fact check, who
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here